ടെഹ്റാൻ: ബഹ്റൈനിലും കുവൈത്തിലും ഇറാൻ ആക്രമണം. ബഹ്റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ വൻതീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലും ഇറാൻ കനത്ത ആക്രമണം നടത്തി. എണ്ണ സംഭരണ കേന്ദ്രങ്ങളും മിനിസ്ട്രി കോംപ്ലക്സും ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണങ്ങൾ നടന്നത്. വൈദ്യുതി – ജലവിതരണ ശൃംഖലകൾക്ക് നേരെയും ആക്രമണമുണ്ടായി. രണ്ട് പ്രധാന പവർ സ്റ്റേഷനുകൾ ഭാഗികമായി തകർന്നു. അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മിനിസ്ട്രി കോംപ്ലക്സിന് വൻ നാശനഷ്ടമുണ്ടായി.

കഴിഞ്ഞ മാസം അവസാനം ആരംഭിച്ച സംഘർഷം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അയൽരാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത്. ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണ ശ്രമങ്ങൾ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
