ടെഹ്റാൻ: ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ നരകം പെയ്യുമെന്ന ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തള്ളിക്കളഞ്ഞതിനു പിന്നാലെ അമേരിക്കയെ ഒരു വലിയ ‘‘സർപ്രൈസ്’’ കാത്തിരിക്കുന്നതായി ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്കക്കും ഇസ്രായേലിനും ഒരു വലിയ സർപ്രൈസ് ഉണ്ടെന്നും ഇനി അൽപ സമയം മാത്രം മതിയെന്നും മുതിർന്ന ഇറാനിയൻ സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

തങ്ങളുടെ പദ്ധതികൾക്കും നിശ്ചിത ലക്ഷ്യങ്ങൾക്കും അനുസരിച്ചാണ് യുദ്ധത്തിൽ ഇറാൻ മുന്നോട്ടുപോകുന്നത്. ലക്ഷ്യം കൈവരിച്ചെന്ന അമേരിക്കയുടെ അവകാശവാദങ്ങളെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുദ്ധവിമാനങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടുന്നത് അമേരിക്കൻ സൈനിക നടപടികളുടെ പരാജയം പ്രതിഫലിപ്പിക്കുന്നതാണെന്നും ഫാർസ് വാർത്ത ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ശത്രുവിനെ തളർത്തുന്നത് എങ്ങനെയെന്ന് ഇറാൻ മനസ്സിലാക്കിയതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം, യു.എസിന്‍റെ എം.ക്യു 9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. മധ്യ ഉയരത്തിൽ ദീർഘദൂരം പറക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിത ഡ്രോൺ മധ്യ ഇറാൻ നഗരമായ ഇസ്ഫഹാനിനു മുകളിലാണ് വീഴ്ത്തിയത്.
