ലണ്ടൻ: വിവാദ അമേരിക്കൻ റാപ്പർ കാനി വെസ്റ്റ് ലണ്ടനിലെ പ്രശസ്തമായ വയർലെസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ. കാനി വെസ്റ്റിന്റെ മുൻകാല ജൂതവിരുദ്ധ പരാമർശങ്ങളും നാസിസത്തെ അനുകൂലിച്ചുള്ള നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി തന്റെ ആശങ്ക അറിയിച്ചത്. ജൂതവിരുദ്ധത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അത് എവിടെ കണ്ടാലും ശക്തമായി നേരിടണമെന്നും സ്റ്റാമർ പറഞ്ഞു. ബ്രിട്ടനിൽ ജൂതവിഭാഗത്തിൽപ്പെട്ടവർക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദം ശക്തമായതോടെ ഫെസ്റ്റിവലിന്റെ പ്രധാന സ്‌പോൺസർമാരായ പെപ്‌സി പരിപാടിയിൽ നിന്നും പിന്മാറി. കാനി വെസ്റ്റ് പങ്കെടുക്കുന്ന സാഹചര്യത്തിൽ സ്‌പോൺസർഷിപ്പ് തുടരേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. ജൂലൈ 10 മുതൽ 12 വരെ ലണ്ടനിലെ നോർത്ത് ലണ്ടനിലാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

കാനി വെസ്റ്റ് നേരത്തെ നടത്തിയ ജൂതവിരുദ്ധ പരാമർശങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് അഡിഡാസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ അദ്ദേഹവുമായുള്ള കരാർ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ തന്റെ പെരുമാറ്റത്തിൽ കാനി വെസ്റ്റ് പരസ്യമായി മാപ്പപേക്ഷിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തെ ബ്രിട്ടനിൽ പ്രവേശിക്കാൻ അനുവദിക്കരുത് എന്നാണ് വിവിധ രാഷ്ട്രീയ നേതാക്കളുടെ ആവശ്യം. 2015-ന് ശേഷം ആദ്യമായാണ് കാനി വെസ്റ്റ് ബ്രിട്ടനിൽ ഒരു പരിപാടി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്. കാനി വെസ്റ്റിന് ബ്രിട്ടനിലേക്ക് വരാനുള്ള വിസ അനുവദിക്കുന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ഇതുവരെ അന്തിമ തീരുമാനമെടു ത്തിട്ടില്ല. ലണ്ടൻ മേയർ സാദിഖ് ഖാനും കാനി വെസ്റ്റിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.
