ഓട്ടവ: മുതിർന്ന നയതന്ത്രജ്ഞനായ മഹാവീർ സിങ്‌വി കാനഡയിലെ ടൊറന്റോയിൽ ഇന്ത്യയുടെ പുതിയ കോൺസുലാർ ജനറലായി ചുമതലയേറ്റു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നിയമനം. 1999 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അദ്ദേഹം, ഇതിനുമുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ടൊറന്റോയിലെ ഇന്ത്യൻ പ്രവാസികളുമായി ചേർന്ന് പ്രവർത്തിക്കാനും വിശ്വാസം വർദ്ധിപ്പിക്കാനും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു. ചുമതലയേറ്റ ശേഷം അദ്ദേഹം ടൊറന്റോയിലെ ജൈന ക്ഷേത്രം സന്ദർശിക്കുകയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവെക്കുകയും ചെയ്തു.

നേരത്തെ ഖലിസ്ഥാൻ വിഷയത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ മാസം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിത്തുടങ്ങി. 2030-ഓടെ വ്യാപാര ഇടപാടുകൾ 5,000 കോടി ഡോളറായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിന് പുതിയ കോൺസുലാർ ജനറലിന്റെ പ്രവർത്തനം വലിയ കരുത്താകും.
