Monday, April 6, 2026

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി: വീസ ചട്ടം കർശനമാക്കി ഓസ്ട്രേലിയ; ഇന്ത്യ ഇനി ‘ഹൈ റിസ്ക്’ വിഭാഗത്തിൽ

ന്യൂഡൽഹി: ഉപരിപഠനത്തിനായി ഓസ്ട്രേലിയയെ ആശ്രയിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് വൻ തിരിച്ചടിയായി വീസ നിയമങ്ങളിൽ പുതിയ പരിഷ്കാരം. സ്റ്റുഡന്റ് വീസ വിഭാഗത്തിൽ ഇന്ത്യയെ ഏറ്റവും ഉയർന്ന റിസ്ക് നിലവാരമായ ‘എവിഡൻസ് ലെവൽ 3’ (Evidence Level 3 – EL3) ലേക്ക് ഓസ്ട്രേലിയ മാറ്റി. ഇതോടെ ഓസ്ട്രേലിയൻ വീസ ലഭിക്കുന്നതിന് ഇന്ത്യൻ വിദ്യാർഥികൾ ഇനി കടുത്ത പരിശോധനകൾ നേരിടേണ്ടി വരും. മുമ്പ് ‘എവിഡൻസ് ലെവൽ 2’ വിഭാഗത്തിലായിരുന്ന ഇന്ത്യയെ, 2025 സെപ്റ്റംബറിന് മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളിലേക്ക് തിരികെ കൊണ്ടുപോയിരിക്കുകയാണ്. ഇതോടെ വീസ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന ഓരോ രേഖയും സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കും. ഓസ്ട്രേലിയയിലെ പഠനത്തിനും താമസത്തിനുമുള്ള സാമ്പത്തിക ശേഷി തെളിയിക്കുന്നതിന് കൂടുതൽ വ്യക്തമായ രേഖകൾ ഇനി നിർബന്ധമാണ്. ബാങ്ക് ബാലൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുമ്പത്തേക്കാൾ കർശനമായ നിബന്ധനകൾ ഉണ്ടാകും. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (IELTS/PTE) തെളിയിക്കുന്ന രേഖകൾക്കും കൂടുതൽ പ്രാധാന്യം നൽകും. അപേക്ഷകൻ യഥാർത്ഥത്തിൽ പഠനത്തിനാണോ അതോ തൊഴിൽ ലക്ഷ്യമിട്ടാ ണോ വരുന്നത് എന്ന് ഉറപ്പുവരുത്താൻ ‘ജെന്യൂയിൻ സ്റ്റുഡന്റ്’ പരിശോ ധനകളുമുണ്ടാകും. വിസ അപേക്ഷകളിൽ വ്യാപകമായി വ്യാജ രേഖകൾ സമർപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ഓസ്ട്രേലിയയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അക്കാദമിക് രേഖകളിലും സാമ്പത്തിക രേഖകളിലും ക്രമക്കേടുകൾ കണ്ടെത്തിയതും, കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ അമിതമായ വർദ്ധന നിയന്ത്രിക്കാനുമാണ് ഈ നീക്കമെന്ന് ഓസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കുന്നു.

“യഥാർത്ഥ പഠന താൽപ്പര്യമുള്ളവരെ മാത്രം തിരഞ്ഞെടുക്കാനുള്ള ഒരു ഫിൽട്ടറിങ് സംവിധാനമാണിത്,” എന്ന് ഇന്റർനാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ സി.ഇ.ഒ ഫിൽ ഹണിവുഡ് പറഞ്ഞു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് ഇന്ത്യയെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയ കാര്യം സ്ഥിരീകരിച്ചത്. 2026 ജനുവരി 8 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നത്.നിലവിൽ ഏകദേശം 1,40,000 ഇന്ത്യൻ വിദ്യാർഥികളാണ് ഓസ്ട്രേലിയയിൽ പഠിക്കുന്നത്. വീസ ചട്ടങ്ങൾ കർശനമാക്കിയെങ്കിലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വിദ്യാഭ്യാസ ബന്ധം തകരില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ ഓസ്ട്രേലിയൻ സർക്കാരുമായി ചർച്ചകൾ തുടരുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു. വൻകിട ഓസ്ട്രേലിയൻ സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ തുടങ്ങുന്ന നടപടികൾ ഈ മാറ്റങ്ങൾ ബാധിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!