ടൊറന്റോ: 2026-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ടൊറന്റോയിലെത്തുന്ന സഞ്ചാരികൾ ഒന്റാരിയോയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും വലിയ ലാഭമുണ്ടാക്കുമെന്ന് റിപ്പോർട്ട്. ‘ഡെസ്റ്റിനേഷൻ ഒന്റാരിയോ’ നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എന്നാൽ ഗതാഗതക്കുരുക്കും യാത്രാസമയവും സന്ദർശകരെ പിന്തിരിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ടൊറന്റോയെ പ്രധാന കേന്ദ്രമാക്കുന്ന സഞ്ചാരികൾ നയാഗ്ര, ഓട്ടവ, സൗത്ത് ഈസ്റ്റേൺ ഒന്റാരിയോ തുടങ്ങിയ സ്ഥലങ്ങൾ കൂടി സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളുമായി എത്തുന്ന സന്ദർശകരാണ് ടൊറന്റോയ്ക്ക് പുറത്തുള്ള സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ കൂടുതൽ താല്പര്യം കാണിക്കുന്നത്. യാത്രാസമയം (58ശതമാനം), ചിലവ് (55ശതമാനം), യാത്രയിലെ സൗകര്യങ്ങൾ (52ശതമാനം) എന്നിവയാണ് ടൊറന്റോയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിൽ സന്ദർശകർ പ്രധാനമായും നോക്കുന്നത്.

അമിതമായ തിരക്ക്, യാത്രാ ദൈർഘ്യം, കൃത്യസമയത്ത് ഗതാഗത സൗകര്യം ലഭിക്കുമോ എന്ന ആശങ്ക എന്നിവ സന്ദർശകരെ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയേക്കാം. യാത്രാസമയം, ഭക്ഷണം, താമസം, ചിലവ് എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ മുൻകൂട്ടി നൽകുന്നത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിനായി ടൊറന്റോ സന്ദർശിക്കാൻ പദ്ധതിയിടുന്നവരിൽ ഭൂരിഭാഗം പേരും നിലവിൽ പ്ലാനിംഗ് ഘട്ടത്തിലായതിനാൽ, അവരെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി ആകർഷിക്കാൻ ഒന്റാരിയോയ്ക്ക് ഇനിയും അവസരമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
