ടൊറന്റോ: വെസ്റ്റ് ക്വീൻ വെസ്റ്റ് ബിസിനസ് കോറിഡോറിലെ ചെറുകിട വ്യാപാരികൾ ടൊറന്റോ സിറ്റി ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത്. കടകൾക്ക് മുന്നിലെ ഫുട്പാത്തിൽ വെക്കുന്ന ചെറിയ എ-ഫ്രെയിം സൈൻ ബോർഡുകളുടെ പേരിൽ വൻപിഴ ചുമത്തിയതാണ് കാരണം. ടൊറന്റോയിലെ നിയമപ്രകാരം കടകൾക്ക് മുന്നിൽ ഇത്തരം ബോർഡുകൾ വെക്കാൻ നഗരസഭയിൽ നിന്ന് പ്രത്യേക പെർമിറ്റ് എടുക്കേണ്ടതുണ്ട്. കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും തടസ്സമില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നിയമം. എന്നാൽ, ബാത്തർസ്റ്റ് സ്ട്രീറ്റിനും ഗ്ലാഡ്‌സ്റ്റോൺ അവന്യൂവിനും ഇടയിലുള്ള പത്തോളം കടയുടമകൾക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചു. ഈ വിഭാഗത്തിൽ നൽകാവുന്ന ഏറ്റവും ഉയർന്ന പിഴത്തുകയാണിത്.അംഗപരിമിതർക്കായി നീക്കിവെച്ചിട്ടുള്ള പാർക്കിങ് സ്ഥലം ഉപയോഗിച്ചാൽ 300 ഡോളറും, പരിധിയിൽ കൂടുതൽ വേഗതയിൽ വാഹനം ഓടിച്ചാൽ 450 ഡോളറുമാണ് ടൊറന്റോയിൽ പിഴ. എന്നാൽ വെറും ഒരു പരസ്യപ്പലകയ്ക്ക് ഇതിന്റെ ഇരട്ടി തുക പിഴയിടുന്നത് നീതിയല്ലെന്ന് വ്യാപാരിയായ ജാനറ്റ് റൈറ്റ് പറയുന്നു. ഓരോ വർഷവും ഈ പെർമിറ്റ് പുതുക്കേണ്ടതുണ്ട്. എന്നാൽ ഇത്തവണ നഗരസഭയിൽ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും, ഓൺലൈൻ അപേക്ഷാ സംവിധാനം സാങ്കേതിക തകരാറുകൾ നിറഞ്ഞതാണെന്നും വ്യാപാരികൾ പരാതിപ്പെടുന്നു.

ഒരു പാസ്‌പോർട്ട് എടുക്കുന്നതിനേക്കാൾ കൂടുതൽ രേഖകൾ ഒരു ചെറിയ ബോർഡ് വെക്കാൻ ആവശ്യപ്പെടുന്നത് ബിസിനസ്സുകാരെ ബുദ്ധിമുട്ടിക്കാനാണെന്ന് ഇവർ ആരോപിക്കുന്നു.അടുത്തുള്ള ട്രിനിറ്റി ബെൽവുഡ്‌സ് പാർക്കിൽ നിയമവിരുദ്ധമായി കച്ചവടം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സിറ്റി അധികൃതർ തയ്യാറാകുന്നില്ലെന്നും, കൃത്യമായി നികുതി അടച്ചു ബിസിനസ്സ് നടത്തുന്നവരെ മാത്രം ലക്ഷ്യം വെക്കുന്നുവെന്നുമാണ് വ്യാപാരികളുടെ പ്രധാന ആക്ഷേപം. എന്നാൽ തങ്ങൾ പെട്ടെന്ന് പിഴ ചുമത്തിയതല്ലെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ 44 കടകളിൽ പരിശോധന നടത്തി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഭൂരിഭാഗം പേരും നിയമം പാലിച്ചെങ്കിലും, അപേക്ഷ നൽകാൻ പോലും തയ്യാറാകാത്ത 10 പേർക്കെതിരെയാണ് നടപടിയെടുത്തതെന്ന് സിറ്റി വക്താവ് അറിയിച്ചു. പിഴത്തുക കുറയ്ക്കാനും ലൈസൻസിംഗ് നടപടികൾ ലഘൂകരിക്കാനുമായി വെസ്റ്റ് ക്വീൻ വെസ്റ്റ് ബിസിനസ് ഇംപ്രൂവ്‌മെന്റ് ഏരിയ (BIA) പ്രസിഡന്റ് റോബർട്ട് സിസാക് അധികൃതരുമായി ചർച്ച നടത്തുകയാണ്.
