കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനവിധി 2026’ പരിപാടിയിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി മോശം പ്രയോഗം നടത്തിയത്. നിലവിൽ മറുപടി പറയുന്നില്ലെന്നും എന്നാൽ വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേരളത്തിലെ വികസന നേട്ടങ്ങളെച്ചൊല്ലി ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള വാക്പോര് ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയായി രേവന്ത് റെഡ്ഡി അയച്ച കത്താണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഏപ്രിൽ മൂന്നിന് പിണറായി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ രേവന്ത്, കത്തിന്റെ അവസാനം ‘നീ പോ മോനെ വിജയാ’ എന്ന സിനിമാ ഡയലോഗ് അനുകരിച്ച് പരിഹസിച്ചിരുന്നു. ഒരു മുഖ്യമന്ത്രി പാലിക്കേണ്ട മര്യാദകൾ ലംഘിച്ചാണ് രേവന്ത് റെഡ്ഡി പെരുമാറുന്നതെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വിഷയം പരസ്യമായ സാഹചര്യത്തിൽ അതേ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് കേരള മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഇടപെടലുകൾ പക്വതയില്ലാത്തതാണെന്നും അദ്ദേഹം സ്വയം ചിന്തിക്കട്ടെ എന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ പോര് മുറുകുന്നതിനിടെ അസഭ്യമായ രീതിയിലുള്ള പരാമർശങ്ങൾ വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
