ടെഹ്റാൻ: ഇറാന്റെ ഊർജ നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, രാജ്യവ്യാപകമായി മനുഷ്യച്ചങ്ങല തീർക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ. ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ടെഹ്‌റാനിലെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും നേരെ ഏകോപിത ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ഇതിനെ പ്രതിരോധിക്കാൻ യുവാക്കളും കലാകാരന്മാരും ഉൾപ്പെടെയുള്ളവർ പ്രധാന കേന്ദ്രങ്ങളിൽ കൈകോർക്കണമെന്ന് ഇറാന്റെ യുവജന-കായിക മന്ത്രാലയം നിർദ്ദേശിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് പ്രകോപനപരമായ മുന്നറിയിപ്പ് നൽകിയത്. വരാനിരിക്കുന്ന ചൊവ്വാഴ്ച ഇറാനിൽ ‘പവർ പ്ലാന്റ് ദിനവും ബ്രിഡ്ജ് ദിനവും’ ആയിരിക്കുമെന്നും, കടലിടുക്ക് തുറക്കാത്ത പക്ഷം രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കുറിച്ചു. യുഎസ് സമയം ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ആക്രമണം ഉണ്ടായേക്കാമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. പൊതു അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാൻ ആഗോള ശ്രദ്ധ ക്ഷണിക്കുന്നത്.

അതേസമയം, നയതന്ത്ര ചർച്ചകളിലൂടെ ഒരു കരാറിലെത്താൻ സാധിച്ചാൽ ആക്രമണ നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ള ചെറിയ സാധ്യതകൾ പോലും യുഎസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും നിലവിലെ സാഹചര്യത്തിൽ ട്രംപ് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് സാധ്യതയെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന.
