വാഷിങ്‌ൺ: അമേരിക്കൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഏജൻസിയായ ടി.എസ്.എ നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 800-ലധികം പേരെ ഇമിഗ്രേഷൻ അധികൃതർ (ICE) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപ് അധികാരമേറ്റത് മുതൽ 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏകദേശം 31,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് ടി.എസ്.എ ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയത്. ഭീകരവാദികളെ കണ്ടെത്താൻ 2007-ൽ രൂപീകരിച്ച ‘സെക്യുർ ഫ്ലൈറ്റ് പ്രോഗ്രാം’വഴിയാണ് സാധാ രണക്കാരായ ഇമിഗ്രേഷൻ നിയമലംഘകരെയും ഇപ്പോൾ പിന്തുടരുന്നത്. മാർച്ച് മാസം മുതൽ അമേരിക്കയിലെ പന്ത്രണ്ടിലധികം വിമാനത്താവളങ്ങളിൽ ഐ.സി.ഇ ഉദ്യോഗസ്ഥരെ സുരക്ഷാ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതിക്കും ആശയക്കുഴപ്പത്തിനും കാരണമാകുന്നുവെന്നാണ് ഡെമോക്രാറ്റുകളുട ആരോപണം. ടൂർ കഴിഞ്ഞു മടങ്ങിയ ഐറിഷ് ദമ്പതികളെ മക്കളുടെ മുന്നിൽ വെച്ച് അറസ്റ്റ് ചെയ്ത് നാടുകടത്തിയ സംഭവം ഉൾപ്പെടെ നിരവധി ദാരുണമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സ്ഥിരതാമസത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരെപ്പോലും വിമാന ത്താവളങ്ങളിൽ വെച്ച് പിടികൂടുന്നുണ്ട്. വിമാനത്താവളങ്ങളിലെ ഈ നടപടിക്കെതിരെ അമേരിക്കയിൽ രാഷ്ട്രീയവിവാദങ്ങളും സജീവമായി. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഇമിഗ്രേഷൻ നയങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് വിമർശകർ പറയുന്നു. എന്നാൽ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പുതിയ പരിഷ്കാരങ്ങളെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന്റെ വിശദീകരണം. വിമാനത്താവളങ്ങളിൽ ഐസ് ഉദ്യോഗസ്ഥരെ വിന്യസിച്ചത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 40-ലധികം ജന പ്രതിനിധികൾ സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാരെ ഭയപ്പെടുത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
