ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മോജ്തബ ഖമനയി അബോധാവസ്ഥയിലാണെന്നും കോമിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ. ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഭരണപരമായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് ശേഷം ഖമനയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
അതേസമയം, ഇറാന് ശക്തമായ താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്നും ഇറാനെ ശിലായുഗത്തിലേക്ക് മടക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. അവർ ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ സമയം നൽകിക്കഴിഞ്ഞുവെന്നും ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നും വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 28-ന് സംഘർഷം ആരംഭിക്കുമ്പോൾ ഇറാൻ ശക്തമായിരുന്നെന്നും എന്നാൽ ഇപ്പോൾ അവരുടെ നേതൃനിരയെ അമേരിക്ക തകർത്തതായും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ 47 വർഷമായി മാറിവന്ന ഏഴ് പ്രസിഡന്റുമാർ ചെയ്യേണ്ടിയിരുന്ന കാര്യമാണ് താൻ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ നയതന്ത്ര പ്രതിനിധികളിൽ നിന്നും ഇതിനോട് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെങ്കിലും ലോകം വലിയൊരു യുദ്ധഭീതിയിലാണ്.
