വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധത്തിന് താല്‍ക്കാലിക വിരാമമായതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധകാലത്ത് 110 ഡോളര്‍ വരെ ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് വില 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലെത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഊര്‍ജ്ജക്ഷാമം നേരിട്ടിരുന്ന ആഗോള വിപണിക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് വിലയും 14 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 96.35 ഡോളറില്‍ വ്യാപാരം തുടരുന്നു.
എണ്ണവിലയിലെ ഇടിവിനൊപ്പം ആഗോള ഓഹരി വിപണികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ജപ്പാന്റെ നിക്കൈ സൂചിക 5.34 ശതമാനവും ദക്ഷിണ കൊറിയന്‍ വിപണി 5.89 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ് വിപണിയിലും ഡോ ഫ്യൂച്ചേഴ്‌സ് 2.33 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ വിപണി വ്യാപാരം ആരംഭിക്കാനിരിക്കെ ഗിഫ്റ്റ് നിഫ്റ്റി മൂന്ന് ശതമാനത്തിലേറെ വര്‍ധനവ് രേഖപ്പെടുത്തിയത് ആഭ്യന്തര വിപണിയിലും വലിയ മുന്നേറ്റമുണ്ടാകുമെന്ന സൂചന നല്‍കുന്നു.

അതേസമയം, യുദ്ധകാലത്ത് ഇടിവ് നേരിട്ട സ്വര്‍ണവില തിരിച്ചുകയറുന്ന കാഴ്ചയാണ് വിപണിയില്‍. ആഗോള വിപണിയില്‍ സ്വര്‍ണവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4809 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. വെള്ളി വിലയിലും അഞ്ച് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വീണ്ടും ആകൃഷ്ടരാകുന്നതാണ് ഈ വിലവര്‍ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
