ന്യൂഡല്‍ഹി: കേരളത്തിനു പുറമെ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു. അസമില്‍ 17.87 ശതമാനം ആളുകളും പുതുച്ചേരിയില്‍ 17.41 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തി. അസമില്‍ ഭരണകക്ഷിയായ ബിജെപി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുമ്പോള്‍, പുതുച്ചേരിയില്‍ എന്‍. രംഗസാമിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.
അസമിലെ 126 മണ്ഡലങ്ങളിലായി 722 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ മിക്ക പോളിങ് സ്റ്റേഷനുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് അസമിലെ പ്രധാന ജനവിധി തേടുന്ന പ്രമുഖര്‍. ഏകദേശം 2.5 കോടി വോട്ടര്‍മാരാണ് അസമില്‍ വിധിയെഴുതുന്നത്.

പുതുച്ചേരിയിലെ 30 തിരഞ്ഞെടുക്കപ്പെട്ട സീറ്റുകളിലേക്കും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ എഐഎന്‍ആര്‍സി – ബിജെപി സഖ്യവും കോണ്‍ഗ്രസ് – ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം. രംഗസാമിയും മുന്‍ മുഖ്യമന്ത്രി വി. വൈത്തിലിംഗവും ഏറ്റുമുട്ടുന്ന തട്ടഞ്ചാവടി മണ്ഡലമാണ് പുതുച്ചേരിയില്‍ ഉറ്റുനോക്കപ്പെടുന്ന പ്രധാന പോരാട്ടവേദി. സംസ്ഥാന പദവി, തൊഴിലില്ലായ്മ, കുടിവെള്ള മലിനീകരണം തുടങ്ങിയ വിഷയങ്ങളാണ് പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ മുന്‍പന്തിയിലുള്ളത്.
നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഈ തിരഞ്ഞെടുപ്പിലെ ഒരു നിര്‍ണായക ഘടകമാണ്. ടിവികെയുടെ ജനപ്രീതി ഫലങ്ങളെ അപ്രതീക്ഷിതമായി സ്വാധീനിച്ചേക്കാം. ഇരു മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ തീവ്രമായ പ്രചാരണത്തിലായിരുന്നു. പോളിങ് കനക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
