Thursday, April 9, 2026

വാള്‍ട്ട് ഡിസ്‌നിയില്‍ വീണ്ടും പിരിച്ചുവിടല്‍; ആയിരത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും

കാലിഫോര്‍ണിയ: ആഗോള വിനോദ വ്യവസായ ഭീമന്മാരായ വാള്‍ട്ട് ഡിസ്‌നി ആയിരത്തോളം തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നു. വരും ആഴ്ചകളില്‍ നടപ്പിലാക്കാന്‍ പോകുന്ന ഈ പിരിച്ചുവിടല്‍ നടപടി കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിന്റെയും ഘടന പരിഷ്‌കരിക്കുന്നതിന്റെയും ഭാഗമാണെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 18-ന് ജോഷ് ഡി’അമാരോ പുതിയ സിഇഒ ആയി ചുമതലയേറ്റ ശേഷം കമ്പനി കൈക്കൊള്ളുന്ന ആദ്യത്തെ പ്രധാന നീക്കമാണിത്.

പ്രധാനമായും മാര്‍ക്കറ്റിംഗ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളെയാണ് ഈ വെട്ടിക്കുറയ്ക്കല്‍ ബാധിക്കുക. ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആസാദ് അയാസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘പ്രോജക്റ്റ് ഇമാജിന്‍’ (Project Imagine) എന്ന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനാണ് മുന്‍ഗണന. സിനിമ, ടെലിവിഷന്‍, സ്ട്രീമിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമോഷണല്‍ ജോലികള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനാണ് ഡിസ്‌നി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമായി 2,31,000 ജീവനക്കാരുള്ള കമ്പനിയില്‍ പിരിച്ചുവിടല്‍ ബാധിക്കുന്നത് ആകെ ജീവനക്കാരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.

മുന്‍ സിഇഒ ബോബ് ഇഗറിന്റെ കാലയളവില്‍ 2023 മുതല്‍ 2025 വരെയുള്ള ഘട്ടങ്ങളില്‍ ഏകദേശം 8,000 തസ്തികകള്‍ ഡിസ്‌നി വെട്ടിക്കുറച്ചിരുന്നു. ഇതിലൂടെ 7.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ലാഭമാണ് കമ്പനി നേടിയത്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ നേരിടുന്ന വെല്ലുവിളികളും പരമ്പരാഗത ടെലിവിഷന്‍ മേഖലയിലെ ലാഭമിടിവുമാണ് ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ഡിസ്‌നിയെ പ്രേരിപ്പിക്കുന്നത്. പുതിയ സിഇഒ ജോഷ് ഡി’അമാരോയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ബിസിനസ്സുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!