ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് 15,400 ടൺ എൽപിജിയുമായി മുംബൈയിലെത്തി ഇന്ത്യൻ കപ്പൽ ഗ്രീൻ ആശ. ഇന്ത്യൻ പതാക വഹിച്ച ഈ കപ്പൽ സുരക്ഷിതമായി നങ്കൂരമിട്ട വിവരം ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റി (JNPA) ആണ് അറിയിച്ചത്.
ഇറാൻ-ഇസ്രയേൽ തർക്കം മൂലം കപ്പൽ ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് ‘ഗ്രീൻ ആശ’ എന്ന ഈ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയത്. ബിപിസിഎൽ, ഐഒസിഎൽ എന്നിവർക്ക് വേണ്ടിയുള്ള ഇന്ധനവുമായാണ് കപ്പൽ എത്തിയത്. പ്രതിസന്ധികൾക്കിടയിലും ചരക്കുനീക്കം തടസ്സമില്ലാതെ നടന്നതിനെ അധികൃതർ പ്രശംസിച്ചു.

മേഖലയിൽ യുദ്ധം തുടങ്ങിയ ശേഷം ഈ പാതയിലൂടെ ജെഎൻപിഎയിൽ എത്തുന്ന ആദ്യ കപ്പലാണിത്. രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിൽ ഈ യാത്ര വലിയൊരു നാഴികക്കല്ലാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. കപ്പലിലെ 15,400 ടൺ എൽപിജി ഉടൻ തന്നെ വിതരണത്തിനായി കൈമാറും.
