മൺട്രിയോൾ: കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ, പാർട്ടിയുടെ ദേശീയ കൺവെൻഷന് മൺട്രിയോളിൽ തുടക്കമായി. വരാനിരിക്കുന്ന മൂന്ന് ഉപതിരഞ്ഞെ ടുപ്പുകളും വിജയിച്ച് പാർലമെന്റിൽ കേവല ഭൂരിപക്ഷം ഉറപ്പിക്കാമെന്ന ആത്മ വിശ്വാസ ത്തിലാണ് ലിബറലുകൾ. മുൻ കൺസർവേറ്റീവ് എം.പി മെർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നതോടെ സഭയിൽ പാർട്ടിയുടെ അംഗബലം 171 ആയി ഉയർന്നു. കേവല ഭൂരിപക്ഷമായ 172 സീറ്റുകൾ ഇനി വെറും ഒരു സീറ്റിന്റെ കുറവ് മാത്രമാണുള്ളത്. മുൻ കൺസർവേറ്റീവ് എം.പിമാരായിരുന്ന ക്രിസ് ഡി എൻട്രെമോണ്ട്, മൈക്കൽ മാ, എൻ.ഡി.പി എം.പിയായിരുന്ന മാറ്റ് ജെനറോക്സ് ലോറി ഇഡ്ലൗട്ട് എന്നിവർ ലിബറൽ പാർട്ടിയിലെത്തിയിരുന്നു.

തിങ്കളാഴ്ച നടക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളാണ് കാനഡയുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കുക. ടൊറന്റോയിലെ ലിബറൽ കോട്ടകളായ യൂണിവേഴ്സിറ്റി-റോസ്ഡേൽ, സ്കാർബറോ സൗത്ത് വെസ്റ്റ് എന്നിവടങ്ങളിൽ പാർട്ടിക്ക് വലിയ പ്രതീക്ഷയുണ്ട്. അതേ സമയം പോളുകളിൽ മുന്നിലാണെങ്കിലും, ജനങ്ങൾക്കിടയിലെ സാമ്പത്തിക ആശങ്കകൾ കണ്ടില്ലെന്ന് നടിക്കരുതെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. സർക്കാർ മികച്ച രീതിയിൽ മുന്നേറുന്നുണ്ടെങ്കിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാവണം ലിബറൽ പാർട്ടി മുന്നോട്ട് പോകേണ്ടതെന്ന് അബാക്കസ് ഡാറ്റ സി.ഇ.ഒ ഡേവിഡ് കൊളെറ്റോ വ്യക്തമാക്കി.
