തൃശൂര്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നും ഫലം വരുമ്പോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരപ്പന്റെ മണ്ണില്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ മാറ്റം വരുത്തുന്ന പ്രകടനമാകും ഇത്തവണ ബിജെപി കാഴ്ചവെക്കുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം വോട്ടായി പെട്ടിയില്‍ വീഴുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്‍ട്ടിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി നേതൃത്വം നല്കുന്ന വികസന രാഷ്ട്രീയത്തോടൊപ്പം ജനങ്ങള്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇവയെല്ലാം രാഷ്ട്രീയ എതിരാളികള്‍ ആസൂത്രണം ചെയ്ത വെറും ‘പൊറാട്ട് നാടകങ്ങള്‍’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും ബിജെപിയുടെ വിജയസാധ്യതയെ അട്ടിമറിക്കാന്‍ ഇത്തരം നീക്കങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
