കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിതിന്‍ രാജിന്റെ ശബ്ദസന്ദേശം പുറത്ത്. അധ്യാപകര്‍ തന്നെ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും മാനസികമായി തളര്‍ത്തിയെന്നും സുഹൃത്തുക്കള്‍ക്കയച്ച സന്ദേശങ്ങളില്‍ നിതിന്‍ വ്യക്തമാക്കുന്നു. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ക്ക് ഈ സന്ദേശങ്ങള്‍ ബലം നല്‍കുന്നു.
സ്റ്റാഫ് റൂം തന്നെ കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണെന്നും സഹപാഠികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകന്‍ ‘വിഡ്ഢി’ എന്ന് വിളിച്ച് അപമാനിച്ചെന്നും നിതിന്‍ സന്ദേശത്തില്‍ പറയുന്നു. തന്റെ കുടുംബത്തെപ്പോലും അധ്യാപകര്‍ പരിഹസിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് നിന്റെ കുടുംബത്തിന് നല്‍കുന്ന ‘സര്‍പ്രൈസ്’ ആണെന്നായിരുന്നു അധ്യാപകന്റെ മറുപടി. നിരന്തരമായ ഈ അധിക്ഷേപങ്ങള്‍ താങ്ങാനാവുന്നില്ലെന്ന് നിതിന്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കോളജിലെ അധ്യാപകരില്‍ നിന്ന് നിതിന് ഗുരുതരമായ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി സഹോദരി നിഖിത വെളിപ്പെടുത്തി. ‘അവര്‍ അവനെ ‘തെരുവ് പട്ടി’ എന്നാണ് വിളിച്ചിരുന്നത്. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. എന്നാല്‍ അവന് അവിടെ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. പലരില്‍ നിന്നും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ അവന് നേരിടേണ്ടി വന്നിട്ടുണ്ട്,’ നിഖിത പറഞ്ഞു.
നിതിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കുടുംബം വെളിപ്പെടുത്തി. നിറത്തിന്റെ പേരില്‍ പോലും അധ്യാപകന്‍ നിതിനെ അധിക്ഷേപിച്ചിരുന്നു. ‘പുഴുത്ത പട്ടി, പേപ്പട്ടി’ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. ക്ലാസില്‍ വെച്ച് നിതിന്റെ ഉത്തരക്കടലാസുകള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി അധ്യാപകന്‍ പരസ്യമായി പരിഹസിച്ചു. ഈ സമയത്ത് നിതിനെ നോക്കി ചിരിക്കാന്‍ മറ്റ് വിദ്യാര്‍ഥികളെ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നു. കളിയാക്കുമ്പോള്‍ ചിരിക്കാത്ത കുട്ടികളെ അധ്യാപകന്‍ മര്‍ദിച്ചിരുന്നതായും സഹോദരി ആരോപിച്ചു. കൂടാതെ, ഹോസ്റ്റലിലും കടുത്ത വിവേചനമാണ് കുട്ടിക്ക് നേരിടേണ്ടി വന്നത്. പനി വന്ന സമയത്ത് നിതിനെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മാറ്റി സിക്ക് റൂമില്‍ ഒറ്റക്ക് പാര്‍പ്പിച്ചു. നിതിനെ ഹോസ്റ്റലില്‍ നിര്‍ത്താന്‍ അധികൃതര്‍ക്ക് താല്പര്യമില്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മറ്റ് ചില വിദ്യാര്‍ഥികള്‍ക്കും സമാനമായ ദുരനുഭവങ്ങള്‍ ഈ അധ്യാപകനില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
