വാഷിങ്‌ടൺ: വീഡിയോ ഗെയിമുകളിൽ പ്രാവീണ്യമുള്ളവർക്ക് വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോളർ തസ്തികകളിലേക്ക് അപേക്ഷിക്കാമെന്ന് യു.എസ് സർക്കാർ. രാജ്യത്തെ എയർ ട്രാഫിക് കൺട്രോൾ മേഖലയിലുള്ള കടുത്ത ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ (FAA) പുതിയ നീക്കം. അടുത്ത ആഴ്ച ആരംഭിക്കുന്ന റിക്രൂട്ട്‌മെന്റ് വിൻഡോയ്ക്ക് മുന്നോടിയായി എഫ്.എ.എ പുറത്തിറക്കിയ പരസ്യത്തിൽ ഗെയിമർമാരെയാണ് പ്രധാനമായും അഭിസംബോധന ചെയ്യുന്നത്. “നിങ്ങൾ ഇതിനായി നേരത്തെ തന്നെ പരിശീലനം നേടിയവരാണ്” എന്ന വാചകത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളും എയർ ട്രാഫിക് കൺട്രോൾ ടവറിലെ ദൃശ്യങ്ങളും കോർത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ജോലിയിൽ പ്രവേശിച്ച് മൂന്ന് വർഷം പൂർത്തിയാകുമ്പോൾ വാർഷിക ശമ്പളം ഏകദേശം 1.3 കോടി രൂപ വരെ ലഭിക്കാം. ഗെയിമിംഗിലൂടെ നേടിയ ദ്രുതഗതിയിലുള്ള തീരുമാനമെടുക്കാനുള്ള കഴിവും സാങ്കേതിക പരിജ്ഞാനവും ഈ ജോലിക്കും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറയിലെ എയർ ട്രാഫിക് കൺട്രോളർമാരിലേക്ക് എത്താൻ സർക്കാർ പുതിയ വഴികൾ തേടുകയാണെന്നും കഠിനമായ തൊഴിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള യുവജനങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും യുഎസ് ഗതാഗത സെക്രട്ടറി ഷോൺ പി. ഡഫി പറഞ്ഞു.

നിലവിൽ അമേരിക്കയിൽ ഏകദേശം 3,000 കൺട്രോളർമാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2028-ഓടെ കൂടുതൽ ജീവനക്കാർ വിരമിക്കാനിരിക്കുന്നതും വലിയ പ്രതിസന്ധിയായി മാറും. 2025-ൽ വാഷിങ്‌ടൺ റീഗൻ എയർപോർട്ടിലും ഈ വർഷം ന്യൂയോർക്കിലെ ലാ ഗാർഡിയ വിമാനത്താവളത്തിലുമുണ്ടായ വലിയ അപകടങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ പുതിയ നീക്കം. ഗെയിമർമാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനത്തെ എയർ ട്രാഫിക് കൺട്രോളേഴ്സ് അസോസിയേഷൻ യൂണിയനും സ്വാഗതം ചെയ്തിട്ടുണ്ട്. എങ്കിലും, ജോലിയുടെ ഗൗരവം കണക്കിലെടുത്ത് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമനം എന്ന് യൂണിയൻ പ്രസിഡന്റ് നിക്ക് ഡാനിയൽസ് വ്യക്തമാക്കി.
