ഓട്ടവ: കാനഡയിൽ വീണ്ടും ‘ലിബറൽ യുഗം’ ശക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി. തിങ്കളാഴ്ച നടന്ന നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളോടെ പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പിച്ച് ലിബറൽ പാർട്ടി കരുത്തറിയിച്ചു. വോട്ടെടുപ്പിൽ ടൊറന്റോയിലെ യൂണിവേഴ്സിറ്റി-റോസ്ഡേൽ, സ്കാർബ്റോ സൗത്ത് വെസ്റ്റ് എന്നീ റൈഡിങ്ങുകൾ നിലനിർത്തിയതോടെയാണ് ലിബറലുകൾ ഭൂരിപക്ഷത്തിന് ആവശ്യമായ 172 സീറ്റുകൾ എന്ന സംഖ്യ പിന്നിട്ടത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സർക്കാരായാണ് ലിബറൽ പാർട്ടി അധികാരം ഏറ്റെടുത്തിരുന്നത്.
തിരഞ്ഞെടുപ്പ് വിജയത്തിന് പുറമെ, കഴിഞ്ഞ മാസങ്ങളിൽ അഞ്ച് പ്രതിപക്ഷ എംപിമാർ പാർട്ടി വിട്ട് ലിബറൽ പക്ഷത്ത് ചേർന്നതും ഭൂരിപക്ഷം ഉറപ്പാക്കാൻ കാർണിയെ സഹായിച്ചു. നിലവിൽ സഭയിൽ ലിബറലുകൾക്ക് 173 സീറ്റുകളുണ്ട്. കെബെക്കിലെ ടെറെബോൺ റൈഡിങ്ങിലെ വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ സീറ്റ് നില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇതോടെ സഭയിൽ മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ തന്നെ ബില്ലുകൾ പാസാക്കാനും നയപരമായ തീരുമാനങ്ങൾ എടുക്കാനും സർക്കാരിന് സാധിക്കും.

ഭൂരിപക്ഷം ലഭിച്ച പശ്ചാത്തലത്തിൽ, രാജ്യത്തെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പുതിയ സാമ്പത്തിക നടപടികൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സന്ദർശനത്തിനായി എത്തിയ ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ എംപിമാരെ പാർട്ടിയിലേക്ക് മാറ്റിയാണ് സർക്കാർ ഭൂരിപക്ഷം സംഘടിപ്പിച്ചതെന്ന വിമർശനവുമായി കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ് രംഗത്തെത്തിയിട്ടുണ്ട്.
