വന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയയില്‍ മയക്കുമരുന്ന് പ്രതിസന്ധിയെത്തുടര്‍ന്ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് പത്ത് വര്‍ഷം തികയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 18,000-ത്തിലധികം ആളുകളാണ് പ്രവിശ്യയില്‍ അമിത അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് (overdose) മരണമടഞ്ഞത്. ഇതില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടും ബി.സി ലെജിസ്ലേച്ചറിന് മുന്നില്‍ ഇന്ന് ഉച്ചയ്ക്ക് റാലിയും പ്രതിഷേധം പ്രകടിപ്പിക്കുന്ന ചടങ്ങുകളും നടക്കും.
2016 ഏപ്രില്‍ 14-നാണ് ബി.സിയില്‍ ആദ്യമായി മയക്കുമരുന്ന് പ്രതിസന്ധിയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2015-ല്‍ 474 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത്, നിലവില്‍ പ്രതിവര്‍ഷം രണ്ടായിരത്തിലധികം ആളുകള്‍ മരിക്കുന്ന ഭയാനകമായ സാഹചര്യമാണുള്ളത്. മോംസ് സ്റ്റോപ്പ് ദി ഹാം (Moms Stop the Harm) ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തില്‍ വിക്ടോറിയ, പ്രിന്‍സ് ജോര്‍ജ്ജ്, ക്രാന്‍ബ്രൂക്ക് തുടങ്ങിയ നഗരങ്ങളിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മയക്കുമരുന്ന് ഉപയോഗം കുറ്റകരമല്ലാതാക്കാനുള്ള പൈലറ്റ് പ്രോജക്റ്റ് സര്‍ക്കാര്‍ അടുത്തിടെ അവസാനിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പദ്ധതി പരാജയപ്പെട്ടുവെന്നാണ് പ്രീമിയര്‍ ഡേവിഡ് ഇബി വ്യക്തമാക്കിയത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പദ്ധതി നിര്‍ത്തിയതെന്ന് പ്രവിശ്യാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബോണി ഹെന്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം 1,833 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 2024-നേക്കാള്‍ 21 ശതമാനം കുറവാണെങ്കിലും, 2014-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി കൂടുതലാണ്.
