ബെയ്റൂട്ട്: തെക്കന്‍ ലെബനോണില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. എന്നാല്‍, വിഷയത്തില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ചര്‍ച്ചയുടെ സമയവും സ്ഥലവും വരുംദിവസങ്ങളില്‍ തീരുമാനിക്കും.
അതേസമയം, ഇറാനുമായുള്ള ആണവ കരാറിലും വെടിനിര്‍ത്തലിലും നിര്‍ണ്ണായക നീക്കങ്ങളുമായി അമേരിക്കന്‍ ഭരണകൂടം മുന്നോട്ട് പോവുകയാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ ഇറാനുമായുള്ള രണ്ടാംവട്ട ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി അടുത്തയാഴ്ച അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.

യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കാലപരിധിയിലാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. 5 വര്‍ഷത്തെ സാവകാശം ഇറാന് ആവശ്യപ്പെടുമ്പോള്‍, 20 വര്‍ഷത്തേക്ക് സമ്പുഷ്ടീകരണം പാടില്ലെന്ന കര്‍ശന നിലപാടിലാണ് അമേരിക്ക. ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കണമെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ നശിപ്പിക്കണമെന്നും അമേരിക്കന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് കപ്പലുകളൊന്നും പുറപ്പെട്ടിട്ടില്ലെന്നും ആറ് ചരക്കുകപ്പലുകള്‍ തിരിച്ചയച്ചതായും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
