ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിൽ തടസ്സം നേരിട്ടതോടെ രാജ്യത്തെ സ്മാർട്ട്‌ഫോൺ വിപണിയിൽ കനത്ത വിലവർധനയ്ക്ക് സാധ്യത. ഡോളർ മൂല്യം ഉയർന്നതും ഇറക്കുമതി ചെലവ് വർദ്ധിച്ചതും നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ വിപണിയിലുള്ള 80 ശതമാനം സ്മാർട്ട്‌ഫോൺ മോഡലുകളുടെയും വില ഉയരുമെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്ൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
പ്രമുഖ കമ്പനികളായ സാംസങ്, ഷഓമി, ഓപ്പോ തുടങ്ങിയവർ ഇതിനോടകം തന്നെ വിവിധ മോഡലുകൾക്ക് 3 മുതൽ 22 ശതമാനം വരെ വില വർദ്ധിപ്പിച്ചു കഴിഞ്ഞു. റിയൽമീ, നത്തിങ് ഫോൺ, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകളും വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ വില വർധന ഉണ്ടാകുമെന്നാണ് സൂചന. 2027 വരെ ഈ ട്രെൻഡ് തുടരാനാണ് സാധ്യതയെന്ന് നിർമ്മാതാക്കൾ വിലയിരുത്തുന്നു.

മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമായി നേരിട്ട് വില വർദ്ധിപ്പിക്കുന്നതിന് പകരം ഓഫറുകൾ വെട്ടിക്കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. ഐഫോൺ 15, 16 സീരീസുകൾക്ക് നൽകിയിരുന്ന 5,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടുകൾ കമ്പനി എടുത്തുമാറ്റി. സ്മാർട്ട്‌ഫോൺ നിർമ്മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് ചെലവേറിയതായതാണ് ഈ വിപണിയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
