Tuesday, April 14, 2026

ഇനി രാജ്യസഭയിലേക്ക്; ബിഹാർ മുഖ്യമന്ത്രി പടിയിറങ്ങുന്നു, രാജിക്കത്ത് ഇന്ന് സമർപ്പിക്കും

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് സ്ഥാനം രാജിവെക്കുന്നു. രാവിലെ 11 മണിക്ക് തന്റെ അധ്യക്ഷതയിൽ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം ഗവർണർ സയ്യിദ് അതാ ഹസ്‌നൈന് രാജിക്കത്ത് കൈമാറും. ഏപ്രിൽ 10-ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിലാണ് ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ പടിയിറങ്ങുന്നത്. എം.എൽ.സി സ്ഥാനവും അദ്ദേഹം നേരത്തെ രാജിവെച്ചിരുന്നു.

നിതീഷ് കുമാറിന് പകരക്കാരനായി ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനാണ് സാധ്യത. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, ദിലീപ് കുമാർ ജയ്സ്വാൾ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സാമ്രാട്ട് ചൗധരിയാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബീഹാർ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അദ്ദേഹം മാറും. കൂടാതെ, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, നിതീഷ് കുമാറിന്റെ ഈ ചുവടുമാറ്റത്തെ വിമർശനത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. ജെഡിയുവിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. രാജ്യസഭയിലേക്ക് പോകാൻ നിതീഷ് കുമാറിന് താൽപ്പര്യമില്ലായിരുന്നുവെന്നും സഖ്യകക്ഷിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്നും അദ്ദേഹം അവകാശപ്പെട്ടു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ എൻഡിഎയുടെയും ജെഡിയു-ബിജെപി കക്ഷികളുടെയും യോഗങ്ങൾ ഇന്ന് നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!