ഉത്തർപ്രദേശ്: നോയിഡയിൽ തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് അന്വേഷണം ഊർജിതമാക്കി സംസ്ഥാന സർക്കാർ. ഇതിനു പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയോ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള സംഘങ്ങളുടെ ബന്ധമോ ഉണ്ടോ എന്നാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്. മേഖലയിൽ നിന്ന് അടുത്തിടെ ചില ഭീകരവാദികളെ പിടികൂടിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ രാജ്യവിരുദ്ധ ശക്തികൾ ശ്രമിച്ചതാകാമെന്ന് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ സംശയം പ്രകടിപ്പിച്ചു.
ശമ്പള വർധന ആവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികൾ ഒത്തുചേർന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് സംഘർഷം രൂക്ഷമായത്. ഫാക്ടറികൾക്കും വാഹനങ്ങൾക്കും തീയിട്ട അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾ സമാധാനപരമായി പിരിഞ്ഞുപോയതിന് ശേഷം പുറത്തുനിന്നുള്ള ചില സംഘങ്ങൾ എത്തിയതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.

നിലവിൽ നോയിഡയിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും പൊലീസും അർദ്ധസൈനിക വിഭാഗവും മേഖലയിൽ കാവൽ തുടരുന്നതായും അധികൃതർ അറിയിച്ചു. തൊഴിലാളികൾ മുന്നോട്ടുവെച്ച മിക്ക ആവശ്യങ്ങളും സർക്കാർ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും തൊഴിലാളികൾ പ്രകോപനങ്ങളിൽ വീഴാതെ സമാധാനം പാലിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
