മെൽബൺ: ഹോളിവുഡ് നടി റൂബി റോസ് ഉന്നയിച്ച ലൈംഗികാരോപണത്തിൽ അമേരിക്കൻ പോപ്പ് താരം കാറ്റി പെറിക്കെതിരെ ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 16 വർഷങ്ങൾക്ക് മുൻപ് മെൽബണിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് കാറ്റി പെറി തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് റൂബി റോസിന്റെ പരാതി.
‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ എന്ന പ്രശസ്തമായ വെബ് സീരീസിലൂടെ ശ്രദ്ധേയയായ താരമാണ് റൂബി റോസ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയാണ് റൂബി ഈ വെളിപ്പെടുത്തൽ നടത്തിയത്. തുടർന്ന് വിക്ടോറിയ സ്റ്റേറ്റ് പോലീസിൽ അവർ ഔദ്യോഗികമായി പരാതി നൽകി. കേസ് നിലവിൽ അന്വേഷണത്തിലായതിനാൽ കൂടുതൽ കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി. ഇതിനിടെ 2012ൽ കാറ്റി പെറിയെ നടി റൂബി റോസ് പ്രശംസിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ‘ഞാൻ വളരെ ആവേശത്തിലാണ്, ഞാൻ കാറ്റിയെ സ്നേഹിക്കുന്നു. കാറ്റി ഉണ്ടായിരുന്ന ഹോട്ടലിൽ സമയം ചെലവഴിച്ചു’ – തുടങ്ങിയ കാര്യങ്ങൾ പാർട്ട് ഓഫ് മി 3D എന്ന സിനിമയുടെ പ്രീമിയറിൽ റൂബി റോസ് സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്.

കാറ്റി പെറിയുടെ പേര് ഔദ്യോഗികമായി പരാമർശിച്ചില്ലെങ്കിലും, 2010-ൽ മെൽബണിൽ നടന്ന ഒരു ‘പഴയ ലൈംഗിക അതിക്രമ’ സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. റൂബി റോസിന്റെ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് കാറ്റി പെറിയുടെ പ്രതിനിധികൾ പ്രതികരിച്ചു. കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ കാറ്റി പെറി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. ഇതിനിടയിൽ പുറത്തുവന്ന പുതിയ വിവാദം താരത്തിന്റെ കരിയറിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ലോകപ്രശസ്തമായ ‘ഹോട്ട് എൻ കോൾഡ്’, ‘റോർ’ തുടങ്ങിയ ഗാനങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് കാറ്റി പെറി. വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികൾ നിർണ്ണായകമാകും.
