ടൊറന്റോ: നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് കരുതുന്ന ഒന്റാരിയോ ലൈൻ സബ്വേ പദ്ധതിയുടെ ടണലിങ് ഔദ്യോഗികമായി ആരംഭിച്ചു. 60 വർഷത്തിന് ശേഷമാണ് നഗരത്തിന്റെ പ്രധാന ഭാഗമായ ഡൗണ്ടൗണിന് താഴെ ഇത്തരമൊരു സബ്വേ തുരങ്കം നിർമ്മിക്കുന്നതെന്ന് പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു.
15.6 കിലോമീറ്റർ നീളമുള്ള ഈ ലൈനിൽ ആകെ 15 സ്റ്റേഷനുകൾ ഉണ്ടാകും. അത്യാധുനികമായ രണ്ട് ടണൽ ബോറിങ് മെഷീനുകൾ ഉപയോഗിച്ചാണ് ആറ് കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കങ്ങൾ നിർമ്മിക്കുന്നത്. ഉപരിതലത്തിൽ നിന്ന് 40 മീറ്റർ താഴ്ചയിലാണ് ഖനനം നടക്കുന്നത്. 2030-കളുടെ തുടക്കത്തിൽ സർവീസ് ആരംഭിക്കാനാണ് നിലവിൽ ലക്ഷ്യമിടുന്നത്. ഏകദേശം 29.5 ബില്യൺ ഡോളറാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിദിനം നാല് ലക്ഷത്തോളം യാത്രക്കാർക്ക് ഇത് പ്രയോജനപ്പെടും. നിലവിലെ സബ്വേ ലൈനുകളിലെ തിരക്ക് 15 ശതമാനത്തോളം കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, എക്സിബിഷൻ പ്ലേസ് മുതൽ എഗ്ലിന്റൺ വരെ നീളുന്ന ഈ പാത വിവിധ ഗോ ട്രെയിൻ സർവീസുകളുമായും ബന്ധിപ്പിക്കും.
ഒന്റാരിയോ ലൈനിലെ ചില സ്റ്റേഷനുകൾക്ക് പ്രാദേശിക പ്രാധാന്യമുള്ള പുതിയ പേരുകൾ നൽകിയിട്ടുണ്ട്. കിംഗ് വെസ്റ്റ്, ചൈനാടൗൺ, ഡിസ്റ്റിലറി ഡിസ്ട്രിക്റ്റ്, ലെസ്ലിവില്ലെ എന്നിവയാണ് പുതുക്കിയ പേരുകൾ. സബ്വേ സ്റ്റേഷനുകൾക്ക് മുകളിലായി 15,000 പുതിയ വീടുകൾ നിർമ്മിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
