Thursday, April 16, 2026

ലോകകപ്പ് ആവേശം; ടൊറന്റോയിൽ യാത്രാനിരക്ക് വർദ്ധിപ്പിക്കില്ല, സേവനങ്ങൾ കൂട്ടും

ടൊറന്റോ: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ നഗരത്തിൽ ഗതാഗത നിരക്കുകൾ വർദ്ധിപ്പിക്കില്ലെന്ന് ടൊറന്റോ സിറ്റിയും ഒന്റാരിയോ പ്രവിശ്യാ സർക്കാരും പ്രഖ്യാപിച്ചു. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന മറ്റ് ചില വിദേശ നഗരങ്ങൾ യാത്രാനിരക്കിൽ വൻ വർദ്ധനവ് വരുത്തിയ സാഹചര്യത്തിലാണ് ടൊറന്റോയുടെ ഈ നിർണ്ണായക തീരുമാനം.

ലോകകപ്പ് സമയത്ത് ഗോ ട്രാൻസിറ്റ് , ടിടിസി എന്നിവയിൽ നിലവിലുള്ള നിരക്ക് തന്നെ തുടരുമെന്ന് ഗതാഗത മന്ത്രി പ്രബ്മീത് സർക്കറിയ വ്യക്തമാക്കി. നഗരത്തിലെത്തുന്ന ഫുട്ബോൾ ആരാധകർക്കായി യുപി എക്സ്പ്രസ്, ലേക്‌ഷോർ ലൈനുകൾ എന്നിവയിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. യാത്രക്കാർക്ക് സ്റ്റേഡിയങ്ങളിലേക്കും മറ്റും സുഗമമായി എത്തുന്നതിനായി വിവിധ ട്രാൻസിറ്റ് ഏജൻസികളുടെ സമയം ക്രമീകരിക്കും.

‌ഫിഫ ഫാൻ ഫെസ്റ്റിവലിന് ടിക്കറ്റ് ഏർപ്പെടുത്താനുള്ള നീക്കം ഒഴിവാക്കി പരിപാടി പൊതുജനങ്ങൾക്ക് സൗജന്യമായി തന്നെ തുടരുമെന്ന് മേയർ ഒലിവിയ ചൗ ഉറപ്പുനൽകി. ന്യൂജേഴ്‌സി, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങൾ ലോകകപ്പ് ദിനങ്ങളിൽ നിരക്ക് വൻതോതിൽ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ന്യൂജേഴ്‌സിയിൽ 13 ഡോളർ നിരക്കുള്ള യാത്രയ്ക്ക് ഗെയിം ദിവസങ്ങളിൽ 100 ഡോളർ വരെയാണ് ഈടാക്കുന്നത്. എന്നാൽ ടൊറന്റോയിൽ ഗതാഗതം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ തന്നെ തുടരണമെന്ന നിലപാടിലാണ് നഗരസഭ. ലോകകപ്പിനായി എത്തുന്നവർക്ക് നഗരത്തിലെ യാത്ര കൂടുതൽ ലളിതമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മേയർ ഒലിവിയ ചൗ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!