ഓട്ടവ: ഉപരിപഠനത്തിനായി കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവെന്ന് പുതിയ ഔദ്യോഗിക കണക്കുകൾ. സമീപകാലത്തുണ്ടായ വിസ നിയന്ത്രണങ്ങളും വർധിച്ചുവരുന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയുമാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ, വർദ്ധിപ്പിച്ച സാമ്പത്തിക നിബന്ധനകൾ (GIC തുക ഇരട്ടിയാക്കിയത്), പാർപ്പിട സൗകര്യങ്ങളുടെ കുറവ് എന്നിവ വിദ്യാർത്ഥികളെ മറ്റ് രാജ്യങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നതായാണ് കണ്ടെത്തൽ. കനേഡിയൻ ഓഡിറ്റർ ജനറൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 2023-ൽ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 51.6% ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം 2025 സെപ്റ്റംബറോടെ വെറും 8.1% ആയി ചുരുങ്ങിയതാണ് ഏറെ ശ്രദ്ധേയമായ മാറ്റം. ഡൽഹിയിലെ മുൻനിര വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കാനഡയിലേക്കുള്ള അപേക്ഷകളിൽ 80% വരെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2024-ൽ കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ നിയന്ത്രണം ഏർപ്പെടുത്തിയതും പ്രതിവർഷം 3,50,000 സ്റ്റഡി പെർമിറ്റുകൾ മാത്രമാക്കി ഇത് ചുരുക്കിയതും തിരിച്ചടിയായി. കാനഡയിൽ താമസിക്കാനുള്ള സാമ്പത്തിക തെളിവായി കരുതുന്ന ഗ്യാരന്റീഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റ് തുക ഏകദേശം 10,000 ഡോളറിൽ നിന്നും 20,000 ഡോളറായി വർധിപ്പിച്ചു. ഇത് ഇടത്തര കുടുംബങ്ങൾക്ക് വലിയ ഭാരമായി മാറി.

സ്റ്റഡി പെർമിറ്റുകൾ നിരസിക്കിക്കുന്നത് 2023-ലെ 38 ശതമാനത്തിൽ നിന്നും 2024-ൽ 52 ശതമാനമായി ഉയർന്നു. വാടകയിലുണ്ടായ വലിയ വർധനയും പാർട്ട് ടൈം ജോലികളുടെ ദൗർലഭ്യവും വിദ്യാർത്ഥികളെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. വേഗത്തിൽ വിസ ലഭ്യമാക്കിയിരുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതി (SDS) നിർത്തലാക്കിയതും ഇന്ത്യക്കാരെ സാരമായി ബാധിച്ചു. കാനഡയ്ക്ക് പകരമായി ഇറ്റലി, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കാനഡയിലെ ടോപ്പ് റാങ്ക് സർവ്വകലാശാലകളിൽ ഇപ്പോഴും പ്രവേശനം നൽകുന്നുണ്ടെങ്കിലും മൈഗ്രേഷൻ ലക്ഷ്യമിട്ട് ചെറിയ കോളേജുകളെ ആശ്രയിച്ചിരുന്നവരെയാണ് പുതിയ നിയമങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത്. ഏറെക്കാലത്തെ നയതന്ത്ര ഉലച്ചിലുകൾക്ക് ശേഷം ഇന്ത്യയും കാനഞയും തമ്മിലുള്ള ബന്ധംമെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. ഇത് വരും കാലങ്ങളിൽ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിൽ പ്രതീക്ഷ നൽകുന്ന മാറ്റമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ.
