ടൊറൻ്റോ: ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ (ജിടിഎച്ച്എ), എന്നിവിടങ്ങളിൽ ശനിയാഴ്ച ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ്. സതേൺ ഒന്റാരിയോയിലേക്ക് പ്രവേശിക്കുന്ന ശീതക്കാറ്റ് (Cold front) ഉച്ചകഴിഞ്ഞ് മേഖലയിൽ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ശനിയാഴ്ച രാത്രിയോടെ താപനില ഗണ്യമായി കുറയും. ഞായറാഴ്ച ഇടയ്ക്കിടെ വെയിൽ തെളിയുമെങ്കിലും രാത്രികാലങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴേക്ക് പോകാനും സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ തണുപ്പ് വീണ്ടും വർധിക്കുമെന്നാണ് പ്രവചനം. ടൊറന്റോയിൽ അന്നേദിവസം കൂടിയ താപനില 5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനിലമൈനസ് 1 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സാധാരണയായി മാർച്ച് മാസത്തിൽ അനുഭവപ്പെടാറുള്ള ഇത്തരം കാലാവസ്ഥ ഏപ്രിൽ അവസാന വാരത്തിൽ റിപ്പോർട്ട് ചെയ്യുന്നത് അസാധാരണമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മേഖലയിൽ ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്.
