മെൻലോ പാർക്ക്: സോഷ്യൽ മീഡിയ ഭീമനായ മെറ്റാ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിലുള്ള പിരിച്ചുവിടലിന് ഒരുങ്ങുന്നു. ആഗോളതലത്തിലുള്ള തങ്ങളുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം പേരെ ഒഴിവാക്കാനാണ് സിഇഒ മാർക്ക് സക്കർബർഗിന്റെ തീരുമാനം. ഏകദേശം 8,000 ജീവനക്കാരെയാണ് ഈ നീക്കം നേരിട്ട് ബാധിക്കുക. മെയ് 20-ഓടെ പിരിച്ചുവിടൽ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നിർമിതബുദ്ധി മേഖലയിലേക്ക് കമ്പനി നടത്തുന്ന വൻ നിക്ഷേപമാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സങ്കീർണ്ണമായ കോഡിംഗും മറ്റ് സാങ്കേതിക ജോലികളും സ്വതന്ത്രമായി ചെയ്യാൻ ശേഷിയുള്ള ‘ഓട്ടോണമസ് എഐ ഏജന്റുകളെ’ മെറ്റ ഇതിനകം തന്നെ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യപ്രയത്നം ആവശ്യമില്ലാത്ത മേഖലകളിൽ നിന്ന് ജീവനക്കാരെ കുറച്ച്, ആ തുക എഐ വികസനത്തിനായി ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഈ വർഷം മാത്രം എഐ മേഖലയിൽ 13,500 കോടി ഡോളറിന്റെ നിക്ഷേപമാണ് മെറ്റ ലക്ഷ്യമിടുന്നത്. 2028-ഓടെ ഇത് 60,000 കോടി ഡോളറായി ഉയർത്താനും പദ്ധതിയുണ്ട്. ഈ വർഷം ജനുവരിയിൽ മെറ്റയുടെ ‘റിയാലിറ്റി ലാബ്‌സ്’ ഡിവിഷനിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 8,000 പേരെ കൂടി ഒഴിവാക്കുന്നത്. സമീപകാലത്ത് ഒരു ടെക് കമ്പനി നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ പിരിച്ചു വിടലുകളിൽ ഒന്നാണിത്. 2026-ന്റെ രണ്ടാം പകുതിയോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ലാഭക്ഷമത വർദ്ധിപ്പിക്കാനും ഭാവി സാങ്കേതികവിദ്യയിൽ മേധാവിത്വം ഉറപ്പിക്കാനുമുള്ള മെറ്റയുടെ ശ്രമങ്ങൾ ആയിരക്കണക്കിന് കുടുംബങ്ങളുടെ തൊഴിൽ സുരക്ഷയെയാണ് ചോദ്യചിഹ്നത്തിലാക്കുന്നത്.
