Saturday, April 18, 2026

മാനിറ്റോബയിൽ മരണം വിതച്ച് മയക്കുമരുന്ന്; അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് പ്രതിഷേധം

വിനിപെ​ഗ്: മാനിറ്റോബയിലെ കടുത്ത മയക്കുമരുന്ന് ഉപയോ​ഗം വലിയ തോതിൽ മരണങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം മയക്കുമരുന്നിന്റെ അമിത ഉപയോ​ഗത്തെ തുടർന്ന് പത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. ഈ സാഹചര്യത്തിൽ മാനിറ്റോബയിൽ സർക്കാർ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. മയക്കുമരുന്നിന് അടിമകളായവരെ സഹായിക്കുന്ന രംഗത്ത് പ്രവർത്തിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും അടിയന്തര സഹായം അനിവാര്യമാണെന്ന് ‘മോംസ് സ്റ്റോപ്പ് ദ ഹാം’ (Moms Stop the Harm) പ്രതിനിധി ആർലിൻ ലാസ്റ്റ്-കോൾബ് വ്യക്തമാക്കി.

നഗരത്തിലെ മയക്കുമരുന്ന് വിതരണത്തിൽ വിഷാംശത്തിന്റെ അളവ് വർധിച്ചതായും, അമിത ഉപയോ​ഗം തടയുന്നതിന് നിലവിൽ ഉപയോഗിക്കുന്ന നലോക്സോൺ (naloxone) പഴയതുപോലെ ഫലപ്രദമല്ലെന്നും കാനഡയിലെ ജീവകാരുണ്യ സംഘടനയായ ‘മെയിൻ സ്ട്രീറ്റ് പ്രോജക്റ്റ്’ ചൂണ്ടിക്കാട്ടി. അമിതമാത്ര കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പാരാമെഡിക്കൽ ജീവനക്കാരേക്കാൾ കൂടുതൽ മുൻനിര പ്രവർത്തകർ ഇപ്പോൾ സമ്മർദ്ദത്തിലാണെന്നും, അത് സന്നദ്ധപ്രവർത്തകർക്കും ജീവനക്കാർക്കും കനത്ത ജോലിഭാരം നൽകുന്നതായും അധികൃതർ പറഞ്ഞു.

പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ബോധവൽക്കരണം വർധിപ്പിക്കുന്നതിനും അർഹമായ ഫണ്ടും വിഭവങ്ങളും ലഭ്യമാക്കുന്നതിനും സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കുന്നതിനും സഹായിക്കുമെന്നാണ് നിരീക്ഷകരുടെ വാദം. വിഷയത്തിൽ ഒരു നിവേദനം സർക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പ്രവിശ്യാ അധികൃതർ പ്രതികരിച്ചു. വെറും വാഗ്ദാനങ്ങൾക്കപ്പുറം അടിയന്തര നടപടികളാണ് ആവശ്യമെന്നും, മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് നോക്കിനിൽക്കാൻ കഴിയില്ലെന്നും ലാസ്റ്റ്-കോൾബ് കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!