ബെർഗാമോ (ഇറ്റലി): ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുരുദ്വാരയിൽ നടന്ന ചടങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വ്യവസായ മേഖലയിലുള്ള ‘ഗുരുദ്വാര മാതാ സാഹിബ് കൗർ ജി’ക്ക് മുന്നിലുള്ള ചതുരശ്ര മുറ്റത്ത് വെച്ചാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്. പെട്ടെന്നുണ്ടായ തർക്കമല്ല മറിച്ച് കൃത്യമായി പ്ലാൻ ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന സംശയത്തിലാണ് പൊലീസ്.

സ്ഥലത്തു നിന്നും പത്തോളം വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. വെടിയുതിർത്തത് ഗുരുദ്വാരയിൽ വരാറുള്ള മറ്റൊരു ഇന്ത്യക്കാരനാണെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ കൃത്യത്തിന് ശേഷം കാറിൽ രക്ഷപ്പെട്ടു. വെടിവെപ്പിൽ മൂന്നാമതൊരാൾക്ക് കൂടി നിസാര പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വൈശാഖി ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച പ്രധാനചടങ്ങുകൾ നടക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. ഇറ്റാലിയൻ അധികൃതർ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
