Wednesday, August 5, 2026

കെബെക്കിലെ ക്യാമ്പ് ഗ്രൗണ്ടില്‍ ഗ്രനേഡ് കണ്ടെത്തി;നിര്‍വീര്യമാക്കാന്‍ കനേഡിയന്‍ സൈന്യം രംഗത്ത്

മണ്‍ട്രിയോള്‍: മണ്‍ട്രിയോളിന് തെക്കുള്ള സെന്റ്-ബെര്‍ണാഡ്-ഡി-ലാകോള്‍ പ്രദേശത്തെ ലാക് ക്രിസ്റ്റല്‍ (Lac Cristal) ക്യാമ്പ് ഗ്രൗണ്ടില്‍ ഗ്രനേഡിന് സമാനമായ വസ്തു കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കെബെക് പ്രൊവിന്‍ഷ്യല്‍ പോലീസ് കനേഡിയന്‍ സായുധ സേനയുടെ സഹായം തേടി.

രാവിലെ 10:30 ഓടെയാണ് ക്യാമ്പ് ഗ്രൗണ്ടിലുണ്ടായിരുന്ന ഒരാള്‍ക്ക് യാദൃച്ഛികമായി ഈ വസ്തു ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ ഇത് ക്യാമ്പ് ഗ്രൗണ്ടിലെ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇയാള്‍ ആര്‍ക്കും ഭീഷണി ഉയര്‍ത്തിയിട്ടില്ലെന്ന് പോലീസ് വക്താവ് ലൂയിസ്-ഫിലിപ്പ് റൂവല്‍ പറഞ്ഞു. കണ്ടെത്തിയ വസ്തു പഴയൊരു ഗ്രനേഡ് പോലെ കാണപ്പെടുന്നുണ്ടെങ്കിലും, ഇത് യഥാര്‍ത്ഥ ഗ്രനേഡ് തന്നെയോ എന്ന് പ്രദേശിക പോലീസിന് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പോലീസ് സ്ഥലം വളയുകയും, ക്യാമ്പ് ഗ്രൗണ്ടിലുള്ളവര്‍ അകത്തേക്കും പുറത്തേക്കും പ്രവേശിക്കുന്നത് താല്‍ക്കാലികമായി വിലക്കുകയും ചെയ്തു.

കനേഡിയന്‍ സായുധ സേനയുടെ പ്രത്യേക ബോംബ് നിര്‍വീര്യകരണ സംഘം സ്ഥലത്തേക്ക് തിരിച്ചു. സംഘം ആദ്യം ഈ വസ്തു പരിശോധിക്കുകയും, സുരക്ഷിതമായി സൈനിക താവളത്തിലേക്ക് മാറ്റാന്‍ സാധിക്കുമെങ്കില്‍ അവിടെ എത്തിച്ച് നിര്‍വീര്യമാക്കുകയും ചെയ്യുമെന്ന് സായുധ സേനാ വക്താവ് അബിഗയില്‍ ബോര്‍ഗോള്‍ട്ട്-ലെവെസ്‌ക് അറിയിച്ചു. എന്നാല്‍ ഇത് അപകടകരമോ അസ്ഥിരമോ ആണെന്ന് കണ്ടെത്തിയാല്‍, സൈനിക സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സംഭവസ്ഥലത്തോ സമീപത്തെ സുരക്ഷിതമായ സ്ഥലത്തോ വെച്ച് തന്നെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിര്‍വീര്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ നൂറ്റാണ്ടില്‍ പരിശീലനങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ‘മില്ല്‌സ് ബോംബുകള്‍’ (Mills Bombs) എന്നറിയപ്പെടുന്ന നമ്പര്‍ 36 ഗ്രനേഡുകള്‍ വ്യാപകമായി നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഗ്രനേഡുകള്‍, ഷെല്ലുകള്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍ എന്നിവ പോലെ അപകടകരമായ മിലിട്ടറി വസ്തുക്കള്‍ കണ്ടുകിട്ടിയാല്‍ അത് സ്വയം കൈകാര്യം ചെയ്യാന്‍ മുതിരാതെ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്ന് കനേഡിയന്‍ സൈന്യം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!