മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പ്രശസ്തമായ ടിയോട്ടിഹുവാക്കൻ പിരമിഡ് സമുച്ചയത്തിലുണ്ടായ വെടിവെപ്പിൽ കനേഡിയൻ വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ വെടിവെപ്പുണ്ടായതെന്ന് മെക്സിക്കോ സുരക്ഷാ ക്യാബിനറ്റ് അറിയിച്ചു. ആക്രമണത്തിന് ശേഷം അക്രമി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്, ഇതിൽ നാല് പേർക്ക് വെടിയേറ്റും രണ്ട് പേർക്ക് തിക്കിലും തിരക്കിലും പെട്ട് വീണുമാണ് പരുക്കേറ്റത്. ഇവർ നിലവിൽ ചികിത്സയിലാണ്.

സംഭവസ്ഥലത്തുനിന്ന് തോക്കും മറ്റ് മാരകായുധങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ടിയോട്ടിഹുവാക്കനിലെ ‘പിരമിഡ് ഓഫ് ദി മൂൺ’ പരിസരത്ത് വെടിയൊച്ച കേട്ടതോടെ വിനോദസഞ്ചാരികൾ പരിഭ്രാന്തരായി ചിതറി ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 30 മൈൽ അകലെയുള്ള ഈ പുരാവസ്തു കേന്ദ്രം ലോകമെമ്പാടുമുള്ള സഞ്ചാരികൾ എത്തുന്ന പ്രധാന ഇടമാണ്.
ടിയോട്ടിഹുവാക്കനിൽ നടന്ന സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം പറഞ്ഞു. ഫെഡറൽ, സ്റ്റേറ്റ് ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുന്നുണ്ടെന്നും കനേഡിയൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അവർ വ്യക്തമാക്കി.
