മൺട്രിയോൾ: പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി കെബെക്കിലെ ഒരു കൂട്ടം രക്ഷിതാക്കൾ രംഗത്ത്. ‘ഏജ് സ്റ്റാൻഡേർഡ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ രക്ഷിതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ഒരു വിശ്വസനീയമായ സാങ്കേതിക സംവിധാനം സർക്കാർ നടപ്പിലാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയയിൽ നിലവിലുള്ളതുപോലെ, സ്വതന്ത്രമായ ഏജൻസികളുടെ സഹായത്തോടെ കുട്ടികളുടെ പ്രായം കൃത്യമായി പരിശോധിക്കുന്ന രീതി കാനഡയിലും കൊണ്ടുവരണമെന്നാണ് ഇവരുടെ നിർദ്ദേശം. സോഷ്യൽ മീഡിയ കമ്പനികൾ സ്വയം നിയന്ത്രണത്തിന് തയ്യാറല്ലാത്തതിനാൽ, കാനഡയിലെ റേഡിയോ-ടെലിവിഷൻ കമ്മീഷൻ (CRTC) ഇതിന്റെ മേൽനോട്ടം വഹിക്കണമെന്നും ഈ രക്ഷിതാക്കൾ കൂട്ടിച്ചേർത്തു.

കുട്ടികളുടെ മാനസികാരോഗ്യത്തെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നുവെന്ന തിരിച്ചറിവാണ് ഇത്തരം ശക്തമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. സോഷ്യൽ മീഡിയയിലെ അമിതമായ ഉപയോഗം കാരണമുണ്ടാകുന്ന വിഷാദരോഗങ്ങൾക്കും മറ്റ് മാനസിക പ്രയാസങ്ങൾക്കും ടെക് കമ്പനികൾ ഉത്തരവാദികളാണെന്ന് അടുത്തിടെ അമേരിക്കൻ കോടതികളും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്നാണ് ഇവരുടെ വാദം.
