Monday, April 20, 2026

വിവാദ ഐപിഎൽ ‘കൂടോത്ര’ വിഡിയോ: സത്യാവസ്ഥ വെളിപ്പെടുത്തി ലളിത് മോദി

ചെന്നൈ: ഐപിഎൽ മത്സരത്തിനിടെ മൈതാനത്ത് നടന്നതായി പ്രചരിക്കുന്ന ‘കൂടോത്രം’ വീഡിയോയും അനുബന്ധ പരാതികളും വ്യാജമെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ശനിയാഴ്ച നടന്ന ഹൈദരാബാദ് – ചെന്നൈ മത്സരത്തിനിടെ ഒരു യുവാവ് നാരങ്ങ ഉപയോഗിച്ച് കൂടോത്രം ചെയ്യുന്നതും, തൊട്ടുപിന്നാലെ ചെന്നൈ ബാറ്റർ ശിവം ദുബെ പുറത്താകുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ, ചെന്നൈ ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പരാതി നൽകിയെന്ന അവകാശവാദത്തോടെ ഒരു കത്തും പ്രചരിക്കുകയുണ്ടായി. എന്നാൽ, ഇത്തരം പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ലളിത് മോദി ചെയ്തത്.

വീഡിയോ പങ്കുവെച്ചുകൊണ്ട് ലളിത് മോദി എക്‌സിൽ നടത്തിയ പ്രതികരണം ഐപിഎൽ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻപ് ഒരു ടീം ഉടമ ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തി. “ഈ കത്ത് വ്യാജമാണ്. എന്നാൽ മുൻപ് ഒരു ടീം ഉടമ ഇത്തരത്തിലുള്ള അന്ധവിശ്വാസപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടത് ഞാൻ ഓർക്കുന്നു. 2011 സീസണിൽ എതിർ ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ വെച്ചായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ വെളിപ്പെടുത്തും,” മോദി കുറിച്ചു.

മത്സരത്തിൽ, 195 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരാബാദ് 10 റൺസിനാണ് വിജയം സ്വന്തമാക്കിയത്. ഹൈദരാബാദിനായി ഇഷാൻ മലിംഗ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ, അഭിഷേക് ശർമയുടെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഐപിഎൽ കരിയറിലെ തന്റെ വേഗമേറിയ അർധസെഞ്ചുറി കുറിച്ച അഭിഷേക് 22 പന്തിൽ 59 റൺസ് നേടി. ചെന്നൈയ്ക്കായി അൻഷുൽ കാംബോജും ജെയ്മി ഒവർട്ടണും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അത് മതിയാകുമായിരുന്നില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!