വാൽപ്പാറ (തമിഴ്നാട്): വാൽപ്പാറയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് കണ്ടെത്തൽ. അമിത ബ്രേക്ക് ഉപയോഗവും അപകടത്തിലേക്ക് നയിച്ചെന്ന് പൊള്ളാച്ചി ആർ.ടി.ഒ അറിയിച്ചു. കാലാവസ്ഥ മോശമായിരുന്നില്ലെന്നും കാഴചക്കുറവ് ഉണ്ടായില്ലെന്നുമാണ് ആർ.ടി. ഒ സെഞ്ചഴിയൻ മാധ്യമങ്ങളോട് പറഞ്ഞത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിൽനിന്നുള്ള സംഘം യാത്രചെയ്ത വാനാണ് നിയന്ത്രണംവിട്ടു വാൽപാറ – പൊള്ളാച്ചി ചുരം റോഡിൽ 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചത്. 4 പേർക്കു പരുക്കേറ്റു. 3 പേരുടെ നില ഗുരുതരമാണ്. പ്രധാനാധ്യാപിക അജിത (54), അധ്യാപകരായ റംല (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ചെറുകുളമ്പ് ഐകെടിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥി ഹിഷാം (12), സമീപ സ്കൂളായ പാങ്ങ് ജിയുപിഎസിലെ അധ്യാപിക ഷക്കീന (37) എന്നിവരാണു മരിച്ചത്. അപകടത്തിൽപെട്ട വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (22) ഉൾപ്പെടെ 3 പേരാണ് ചികിത്സയിലുള്ളത്.

17ന് വൈകിട്ട് 5.20നായിരുന്നു അപകടം. പൊള്ളാച്ചി വഴി നാട്ടിലേക്കു മടങ്ങുമ്പോൾ ചുരത്തിലെ 13–ാം ഹെയർപിൻ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാൻ പലതവണ കീഴ്മേൽ മറിഞ്ഞു തെറിച്ച് 9–ാം വളവിലേക്കു പതിക്കുകയായിരുന്നു. 8 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വാൻ 9–ാം വളവിലെ കൈവരിയിൽ ഇടിച്ച് മരത്തിൽ തട്ടിയാണു നിന്നത്.
