Tuesday, April 21, 2026

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ആയുധ കയറ്റുമതിക്കൊരുങ്ങി ജപ്പാൻ; ചൈനയ്ക്ക് കടുത്ത ആശങ്ക

ടോക്കിയോ: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലനിന്നിരുന്ന ആയുധ കയറ്റുമതി നിരോധനം ജപ്പാൻ പിൻവലിച്ചു. സ്വന്തം പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് ആയുധങ്ങൾ വിൽക്കാൻ അനുമതി നൽകുന്ന നയമാറ്റത്തിന് പ്രധാനമന്ത്രി സനേ തകൈച്ചിയുടെ മന്ത്രിസഭ അംഗീകാരം നൽകി. ജപ്പാന്റെ ഈ നീക്കം ഏഷ്യൻ മേഖലയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് കാരണമായിട്ടുണ്ട്.

യുദ്ധത്തിന് ശേഷം എട്ട് പതിറ്റാണ്ടായി ജപ്പാൻ പാലിച്ചുപോന്നിരുന്ന ആയുധ കയറ്റുമതി നിയന്ത്രണങ്ങളാണ് നീക്കിയത്. ജപ്പാന്റെ സുരക്ഷ വർദ്ധിപ്പിക്കുക, ആഭ്യന്തര പ്രതിരോധ കമ്പനികൾക്ക് ആഗോള വിപണിയിൽ അവസരം നൽകുക, സാങ്കേതിക ഗവേഷണങ്ങളിൽ മുന്നേറുക എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യങ്ങൾ. സൈനിക നീക്കം ശക്തമാക്കുമ്പോഴും സമാധാനപരമായ രാഷ്ട്രമെന്ന തത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി മിനോരു കിഹാര വ്യക്തമാക്കി.

ജപ്പാന്റെ ഈ തീരുമാനത്തെ ചൈന ശക്തമായി വിമർശിച്ചു. ജപ്പാനിൽ പുതിയ സൈനികാധിപത്യം (Militarism) വളർന്നുവരുന്നതിനെ ദൃഢമായി ചെറുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.

എന്തുകൊണ്ടാണ് ചൈന ഭയപ്പെടുന്നത്?

തായ്‌വാനിൽ ചൈനീസ് ആക്രമണമുണ്ടായാൽ അത് ജപ്പാന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി നേരത്തെ പ്രസ്താവിച്ചി രുന്നു. മിസൈലുകൾ, സ്റ്റെൽത്ത് വിമാനങ്ങൾ, ഡ്രോണുകൾ എന്നിവ നിർമ്മിക്കാനും വിൽക്കാനുമുള്ള ജപ്പാന്റെ നീക്കം തങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് ചൈന കരുതുന്നു. തായ്‌വാനിനടുത്തുള്ള ദ്വീപുകളിൽ ജപ്പാൻ സൈനിക ശേഷി വർദ്ധിപ്പിക്കുന്നത് ചൈനയ്ക്ക് വലിയ വെല്ലുവിളിയാണ്.

ആഗോളതലത്തിൽ പ്രതിരോധ ചെലവുകൾ വർദ്ധിക്കുന്നത് മുതലെടുക്കാനാണ് ജാപ്പനീസ് കമ്പനികളുടെ നീക്കം. യുക്രെയ്ൻ, മിഡിൽ ഈസ്റ്റ് യുദ്ധങ്ങളിൽ നിർണ്ണായകമായ ഡ്രോണുകൾ ഉൾപ്പെടെയുള്ള പ്രതിരോധ സാങ്കേതികവിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്താൻ ഈ നയമാറ്റം കമ്പനികളെ സഹായിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!