Tuesday, April 21, 2026

“യുക്രെയ്നിന്റെ 1,700 ചതുരശ്ര കിലോമീറ്റർ നിയന്ത്രണത്തിൽ”; വമ്പൻ അവകാശവാദവുമായി റഷ്യ

മോസ്കോ: യുക്രെയ്‌നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം വൻ മുന്നേറ്റം നടത്തിയെന്ന് അവകാശവാദം. ഈ വർഷം മാത്രം 80 ഓളം വാസസ്ഥലങ്ങളും 1,700 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശവും പിടിച്ചെടുത്തതായി റഷ്യൻ ജനറൽ സ്റ്റാഫ് മേധാവി വാലേരി ഗെരാസിമോവ് അറിയിച്ചു. ഡോൺബാസ് മേഖലയിലെ തന്ത്രപ്രധാനമായ നഗരങ്ങളായ സ്ലോവിയാൻസ്ക്, ക്രാമാറ്റോർസ്ക്, കോസ്റ്റിയാൻറിനിവ്ക എന്നിവ ലക്ഷ്യമിട്ടാണ് റഷ്യൻ സേനയുടെ മുന്നേറ്റം. ഈ വർഷം മാത്രം 80 വാസസ്ഥലങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലായെന്നും ഗെരാസിമോവ് അവകാശപ്പെട്ടു.

റഷ്യയുടെ ഈ അവകാശവാദത്തെക്കുറിച്ച് യുക്രെയ്ൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, റഷ്യയുടെ കണക്കുകൾ തെറ്റാണെന്നും ഈ വർഷം അവർ 600 ചതുരശ്ര കിലോമീറ്റർ മാത്രമാണ് പിടിച്ചെടുത്തതെന്നും യുക്രെയ്ൻ അനുകൂല മാപ്പുകൾ സൂചിപ്പിക്കുന്നു. അതേസമയം, മാർച്ച് മാസത്തിൽ യുക്രെയ്ൻ ഏകദേശം 50 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം തിരിച്ചുപിടിച്ചതായി യുക്രേനിയൻ കമാൻഡർ ഒലെക്സാണ്ടർ സിർസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ യുക്രെയ്‌നിന്റെ ഏകദേശം 19.35 ശതമാനം ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണ് കണക്കുകൾ. ഡോൺബാസ് മേഖലയുടെ 90 ശതമാനവും സപോരിഷ്യ, ഖേഴ്സൺ മേഖലകളുടെ 75 ശതമാനവും റഷ്യയുടെ കൈവശമാണ്. യുദ്ധം തുടരുന്നതിനിടയിൽ, സ്ലോവിയാൻസ്ക്, കോസ്റ്റിയാൻറിനിവ്ക, ഖാർകിവ് തുടങ്ങിയ മേഖലകളിൽ റഷ്യൻ മുന്നേറ്റത്തെ യുക്രേനിയൻ സൈന്യം തടയാൻ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ടെന്നും യുക്രെയ്‌ന്റെ സൈനിക വൃത്തങ്ങൾ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!