ഓട്ടവ: ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഈ വർഷത്തെ നൂറുകണക്കിന് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ട്രാൻസാറ്റ് എ.ടി. ഇൻകോർപ്പറേറ്റഡ് (Transat A.T. Inc.). എയർ ട്രാൻസാറ്റിന്റെ ഉടമസ്ഥരായ ഈ ട്രാവൽ കമ്പനി, മെയ് മുതൽ ഒക്ടോബർ വരെയുള്ള പ്രധാനപ്പെട്ട സമ്മർ ട്രാവൽ സീസണിൽ ആകെ സർവീസുകളുടെ ആറ് ശതമാനത്തോളം കുറവ് വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎസ് ഏർപ്പെടുത്തിയ ഊർജ്ജ ഉപരോധം നിലനിൽക്കുന്നതിനാൽ ക്യൂബയിലേക്കുള്ള സർവീസുകൾ ഒക്ടോബർ വരെ നിർത്തിവയ്ക്കാനും യൂറോപ്പ്, കരീബിയൻ മേഖലകളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കാനും കമ്പനി തീരുമാനിച്ചു.

യാത്രക്കാരുടെ എണ്ണത്തിൽ കുറവില്ലെങ്കിലും വിമാനക്കമ്പനികൾ നേരിടുന്ന അമിതമായ ചിലവ് വലിയ പ്രതിസന്ധിയാണെന്ന് സിഇഒ ആനിക് ഗ്വെറാർഡ് പറഞ്ഞു. ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കാനും ഇന്ധനക്ഷമത കുറഞ്ഞ പഴയ വിമാനങ്ങൾ സർവീസിൽ നിന്ന് മാറ്റാനുമുള്ള എയർ കാനഡ, വെസ്റ്റ് ജെറ്റ് എന്നീ കമ്പനികളുടെ തീരുമാനത്തിന് പിന്നാലെയാണ് ട്രാൻസാറ്റും ഈ പാത സ്വീകരിക്കുന്നത്. ഫെബ്രുവരി അവസാനം ആരംഭിച്ച ഇറാൻ യുദ്ധത്തെത്തുടർന്ന് ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായത്. ഇത് ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.
