Wednesday, April 22, 2026

കാനഡയിൽ തൊഴിൽ നഷ്‌‌‌ടപ്പെട്ട്‌ യുവാക്കൾ; ദേശീയ ശരാശരിയേക്കാൾ ഇരട്ടിയിലധികം തൊഴിലില്ലായ്മ


ഓട്ടവ: കാനഡയിലെ തൊഴിൽ മേഖലയിൽ യുവാക്കൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. രാജ്യത്തെ പൊതുവായ തൊഴിലില്ലായ്മ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് യുവാക്കൾക്കിടയിലെ (15-24 പ്രായക്കാർ) തൊഴിൽ നഷ്ടമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 2025 അവസാനത്തിൽ 13.3 ശതമാനമായിരുന്ന യുവജന തൊഴിലില്ലായ്മ, 2026 ഫെബ്രുവരിയിൽ 14.1 ശതമാനമായി ഉയർന്നു. കാനഡയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണ്. 2026-ന്റെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം രാജ്യത്ത് 1,09,000 തൊഴിലുകൾ ഇല്ലാതായി. ഇതിൽ 64,000-വും യുവാക്കളുടെ അവസരങ്ങളാണ്‌. ഒൻ്റാരിയോ, കെബെക്ക്‌ എന്നീ പ്രവിശ്യകളിലാണ്‌ ഭൂരിഭാഗം തൊഴിൽ നഷ്‌‌ടങ്ങളുമുള്ളത്‌. നഷ്ടപ്പെട്ടവയിൽ പകുതിയിലധികവും സ്ഥിരം ജോലികളായിരുന്നു. വംശീയമായി പരിശോധിക്കുമ്പോഴും യുവജന വിഭാഗങ്ങൾ ദേശീയ ശരാശരിയേക്കാൾ ഉയർന്ന തൊഴിലില്ലായ്മാ നിരക്ക് അനുഭവിച്ചെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി. കറുത്തവർഗക്കാരായ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരിയിൽ 23.2 ശതമാനമായിരുന്നു, ഇത് വർഷം തോറും 4.6 ശതമാനം വർധന രേഖപ്പെടുത്തുന്നു. ചൈനീസ് യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 17.4 ശതമാനമാനവും ഫെബ്രുവരിയിൽ ദക്ഷിണേഷ്യൻ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനവുമായിരുന്നു.

2025-ന്റെ തുടക്കം മുതൽ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ചത് പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരെയും കൗമാരക്കാരെയുമാണ്. കോവിഡ്‌ കാലത്തെ ഒഴിവാക്കിയാൽ 2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 14.6 ശതമാനത്തിന് ശേഷം കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങളും വലിയ കമ്പനികൾ പുതിയ നിയമനങ്ങൾ കുറച്ചതും യുവാക്കളുടെ തൊഴിൽ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!