Saturday, April 25, 2026

മാനിറ്റോബയിൽ നികുതിയിളവ് കൺവീനിയൻസ് സ്റ്റോറുകളിലേക്കും; തീരുമാനത്തെ സ്വാഗതം ചെയ്ത് വ്യാപാരികൾ

വിനിപെ​ഗ്: മാനിറ്റോബയിൽ ​ഗ്രോസറി സ്റ്റോറുകളിൽ മാത്രം നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന നികുതിയിളവ് കൺവീനിയൻസ് സ്റ്റോറുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയർ വാബ് കിന്യൂ . ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്നാക്ക്സ്, ശീതളപാനീയങ്ങൾ, പാകം ചെയ്ത ഭക്ഷണം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിൽപ്പന നികുതി ജൂലൈ ഒന്നുമുതൽ ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം. സമാന ഉൽപ്പന്നങ്ങൾ വിൽക്കുന്ന കൺവീനിയൻസ് സ്റ്റോറുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് ഉടമകൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനം വിപുലീകരിച്ചത്. മെയ് മാസത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് നടപ്പാക്കൽ ബില്ലിലൂടെ ഇതിന്റെ അന്തിമ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കിന്യൂ അറിയിച്ചു.

ഈ തീരുമാനത്തെ കാനഡയിലെ റീട്ടെയിൽ കൗൺസിൽ സ്വാഗതം ചെയ്തു. ഒരേ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കിടയിൽ തുല്യമായ മത്സരം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അവർ വിലയിരുത്തി. എന്നാൽ, റെസ്റ്റോറന്റുകളിൽ നിന്നുള്ള ടേക്ക്-ഔട്ട് ഭക്ഷണങ്ങൾക്ക് ഈ നികുതിയിളവ് ബാധകമല്ല. റെസ്റ്റോറന്റ് മേഖല ഇതിനെതിരെ വിയോജിപ്പ് അറിയിക്കുന്നുണ്ടെങ്കിലും, അവരെക്കൂടി ഈ ഇളവിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ പ്രഖ്യാപനങ്ങളില്ല.

ഇതിനൊപ്പം, വർഷത്തിൽ രണ്ടുതവണ ക്ലോക്കിലെ സമയം മാറ്റുന്ന രീതി അവസാനിപ്പിക്കാനും മാനിറ്റോബ സർക്കാർ ആലോചിക്കുന്നുണ്ട്. വർഷം മുഴുവൻ ഒരേ സമയം പിന്തുടരുന്നതിനെക്കുറിച്ച് പൊതുജനങ്ങളുമായി ചർച്ചകൾ നടത്തുമെന്നും, ഈ വർഷം അവസാനത്തോടെ അന്തിമ തീരുമാനമെടുക്കുമെന്നും കിന്യൂ വ്യക്തമാക്കി. ആൽബർട്ടയും സസ്‌കാച്വാനും ഇതിനകം തന്നെ സമാനമായ തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ്. ശൈത്യകാലത്ത് കുട്ടികൾ ഇരുട്ടിൽ സ്കൂളിൽ പോകേണ്ടി വരുമോ തുടങ്ങിയ ആശങ്കകളും, ആരോഗ്യപരമായ വശങ്ങളും പരിഗണിച്ചായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!