ഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എം.പി രാഘവ് ഛദ്ദയെ രൂക്ഷമായി പരിഹസിച്ച് നടൻ പ്രകാശ് രാജ്. ഛദ്ദയുടെ രാഷ്ട്രീയ മാറ്റത്തെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള കൂട്ടുകെട്ടിനോടാണ് പ്രകാശ് രാജ് ഉപമിച്ചത്.
“പൊലീസ് സേന ശരിയല്ല, അതുകൊണ്ട് ഞാൻ ജോലി രാജിവച്ച് ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങിൽ ചേരുന്നു” എന്ന് രാഘവ് ഛദ്ദ പറയുന്നതായാണ് പ്രകാശ് രാജ് എക്സിൽ (ട്വിറ്റർ) കുറിച്ചത്. ആം ആദ്മി പാർട്ടി മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് ബിജെപിയിൽ ചേരുന്നത് എന്ന ഛദ്ദയുടെ ന്യായീകരണത്തിനാണ് പ്രകാശ് രാജ് ഇത്തരത്തിൽ മറുപടി നൽകിയത്.

പതിനഞ്ച് വർഷക്കാലം താൻ വളർത്തിയ ആം ആദ്മി പാർട്ടി ഇപ്പോൾ തത്വങ്ങളിൽ നിന്ന് മാറിയെന്നും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു. “ഇത്രയും കാലം തെറ്റായ പാർട്ടിയിലെ ശരിയായ ആളായിരുന്നു ഞാൻ. അതുകൊണ്ട് എ.എ.പിയിൽ നിന്ന് മാറി ജനങ്ങളുമായി കൂടുതൽ അടുക്കുന്നു,” ബിജെപി പ്രവേശനത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലെ ഉപനേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് പാർട്ടി നേതൃത്വവുമായി ഛദ്ദ കുറച്ചുകാലമായി ഭിന്നതയിലായിരുന്നു. ഛദ്ദയ്ക്കൊപ്പം എ.എ.പിയിലെ മറ്റ് ചില മുതിർന്ന നേതാക്കളും ബിജെപിയിൽ ചേർന്നിട്ടുണ്ട്.
