Saturday, April 25, 2026

അമേരിക്കയിൽ കാണാതായ ബംഗ്ലാദേശി വിദ്യാർഥികൾ കൊല്ലപ്പെട്ടു; മുൻ സഹപാഠി പിടിയിൽ

ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് ബംഗ്ലാദേശി വിദ്യാർഥികളെ കാണാതായ സംഭവം ഇരട്ടക്കൊലപാതകമെന്ന് സ്ഥിരീകരിച്ചു. 27 വയസ്സുള്ള സമിൽ ലിമോൺ, നഹിദ ബ്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മുൻ സഹപാഠിയും ഫ്ലാറ്റ്മേറ്റുമായിരുന്ന ഹിഷാം അബുഗർബീഹിനെ (26) പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 17 മുതലാണ് ലിമോണിനെയും ബ്രിസ്റ്റിയെയും കാണാതാകുന്നത്. കുടുംബസുഹൃത്തിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. ടാമ്പയിലെ ഹോവാർഡ് ഫ്രാങ്ക് ലാൻഡ് പാലത്തിന് സമീപത്തുനിന്ന് സമിൽ ലിമോണിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. നഹിദ ബ്രിസ്റ്റിക്കായുള്ള തിരച്ചിൽ തുടരുകയാണെങ്കിലും, അപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരും കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

പിടിയിലായ ഹിഷാം അബുഗർബീഹ് മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. സ്വന്തം അമ്മയെയും സഹോദരനെയും മർദ്ദിച്ചതിന് 2023-ൽ ഇയാൾക്കെതിരെ കേസുണ്ട്. കോടതി വിലക്കുണ്ടായിട്ടും സ്വന്തം വീട്ടിൽ ഒളിച്ചു താമസിക്കുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇരുവരെയും ആയുധം ഉപയോഗിച്ച് മുൻകൂട്ടി പ്ലാൻ ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. അപ്പാർട്ട്‌മെന്റിൽ വെച്ച് കൃത്യം നടത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനും രക്തക്കറകൾ മായ്ക്കാനും പ്രതി ശ്രമിച്ചു. മൃതദേഹങ്ങൾ ഒളിപ്പിക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു. പ്രതിക്കെതിരെ ആയുധം ഉപയോഗിച്ചുള്ള കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!