Sunday, April 26, 2026

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആത്മാവിനെ ക്യാമറക്കണ്ണിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലൂടെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളെ നിശ്ചല ഫ്രെയിമുകളിലാക്കി മാറ്റിയ അദ്ദേഹം, ഇന്ത്യന്‍ ഫോട്ടോഗ്രഫിയിലെ വിഗ്രഹപുരുഷനായാണ് അറിയപ്പെടുന്നത്.

1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്ന രഘു റായിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തെ ആഗോള പ്രശസ്തിയിലേക്ക് എത്തിച്ചു. ദുരന്തത്തില്‍ മരിച്ച ഒരു കുഞ്ഞിനെ അടക്കം ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം ഇന്നും ലോകത്തെ നടുക്കുന്ന ദൃശ്യമായി അവശേഷിക്കുന്നു. മദര്‍ തെരേസ, ഇന്ദിരാഗാന്ധി, സത്യജിത് റേ തുടങ്ങിയ പ്രമുഖരുടെ ജീവിതം അദ്ദേഹം പകര്‍ത്തിയപ്പോള്‍, മറുവശത്ത് സാധാരണക്കാരായ ഗ്രാമീണരുടെയും തെരുവോരങ്ങളുടെയും ജീവിതഗന്ധിയായ നേര്‍ചിത്രങ്ങളും അദ്ദേഹത്തിന്റെ ലെന്‍സുകള്‍ ലോകത്തിന് മുന്നിലെത്തിച്ചു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിയ ചരിത്രപ്രാധാന്യമുള്ളവയാണ്.

1942-ല്‍ ഇന്നത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച രഘു റായ് സിവില്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയതെങ്കിലും 1965-ല്‍ ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസന്റെ നാമനിര്‍ദ്ദേശ പ്രകാരം ‘മാഗ്‌നം ഫോട്ടോസില്‍’ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. പത്മശ്രീ നല്‍കി രാജ്യം ആദരിച്ച അദ്ദേഹത്തിന് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരം ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!