വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ വിരുന്നിനിടെ നടന്ന വെടിവെപ്പില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള 31-കാരനായ കോള്‍ തോമസ് അലന്‍ (Cole Thomas Allen) ആണ് അക്രമിയെന്ന് സ്ഥിരീകരിച്ചതായി ട്രംപ് അറിയിച്ചു. അക്രമി ഹാളില്‍ നിന്നും ഏകദേശം 45 മീറ്റര്‍ അകലെ നിന്നാണ് വെടിയുതിര്‍ത്തതെന്നും സംഭവസമയത്ത് താന്‍ സുരക്ഷിതനായിരുന്നുവെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് സീക്രട്ട് സര്‍വീസിനെ പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ‘വളരെ പെട്ടെന്നാണ് അവര്‍ ഇടപെട്ടത്, എല്ലാവരെയും വേഗത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.’ അക്രമിക്ക് വൈറ്റ് ഹൗസ് വിരുന്ന് നടന്ന ഹോട്ടലില്‍ മുറി ഉണ്ടായിരുന്നുവെന്നും, ഇയാള്‍ എങ്ങനെയാണ് ആയുധങ്ങളുമായി സുരക്ഷാ വലയം ഭേദിച്ചതെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തികളെ ലക്ഷ്യമിട്ട് ഇത്തരം അക്രമങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ ബാള്‍റൂമിന് പുറത്ത് നടന്ന വെടിവെപ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വലിയ ദുരന്തം ഒഴിവാക്കിയതായി ട്രംപ് സൂചിപ്പിച്ചു. അക്രമിയെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപ്, കാബിനറ്റ് അംഗങ്ങള്‍ എന്നിവരെല്ലാം സുരക്ഷിതരാണെന്നും മുടങ്ങിപ്പോയ വിരുന്ന് മുപ്പത് ദിവസത്തിനുള്ളില്‍ പുനഃക്രമീകരിക്കുമെന്നും ട്രംപ് അറിയിച്ചു.
