കൊളംബോ: തായ്ലൻഡിൽ നിന്ന് മടങ്ങി എത്തിയ 22 ശ്രീലങ്കൻ ബുദ്ധ സന്യാസിമാരെ 110 കിലോ കഞ്ചാവുമായി കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടി. നാല് ദിവസത്തെ തായ്ലൻഡ് സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. സന്യാസിമാരുടെ ലഗേജുകളിൽ പ്രത്യേകമായി നിർമ്മിച്ച അറകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഓരോരുത്തരും ഏകദേശം അഞ്ച് കിലോ വീതം കഞ്ചാവ് കടത്താൻ ശ്രമിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിടികൂടിയ സന്യാസിമാരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കും. ശ്രീലങ്കയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥികളാണ് ഇവർ. ഒരു വ്യവസായിയാണ് ഇവരുടെ വിദേശ യാത്ര സ്പോൺസർ ചെയ്തിരുന്നത്. ശ്രീലങ്കയിലെ പ്രധാന വിമാനത്താവളത്തിൽ ഇത്രയും വലിയ അളവിൽ കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇതേ വിമാനത്താവളത്തിൽ വെച്ച് ബാങ്കോക്കിൽ നിന്ന് വന്ന 21 വയസ്സുള്ള ഒരു ബ്രിട്ടിഷ് യുവതിയെ 46 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. കൂടാതെ, സമീപകാലത്തായി ചെറിയ മീൻപിടുത്ത ബോട്ടുകൾ വഴി ഹെറോയിനും മറ്റ് മയക്കുമരുന്നുകളും കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങളും ശ്രീലങ്കൻ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
