കാഠ്മണ്ഡു: നഗര സൗന്ദര്യവൽക്കരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായി നേപ്പാൾ തലസ്ഥാനത്ത് നദീതീരങ്ങളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. കാഠ്മണ്ഡു, ഭക്തപൂർ ജില്ലകളിലായി ബാഗ്മതി, മനഹര നദികളുടെ തീരത്ത് നിർമ്മിച്ച 1,200 കെട്ടിടങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കിയത്.
കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയും ഫെഡറൽ ഗവൺമെന്റും സംയുക്തമായാണ് ഈ ശുദ്ധീകരണ യജ്ഞം നടത്തിയത്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ് ബുൾഡോസറുകൾ ഉപയോഗിച്ച് താൽക്കാലിക കുടിലുകളും സ്ഥിരമായ കെട്ടിടങ്ങളും നീക്കം ചെയ്തത്.

തപതാലി, ഗൈരിഗൗൺ, സിനമംഗല്, മഹാര എന്നിവിടങ്ങളിലെ നിർമ്മിതികളാണ് പ്രധാനമായും നീക്കം ചെയ്തത്. വരും ദിവസങ്ങളിൽ മുന്നൂറിലധികം കെട്ടിടങ്ങൾ കൂടി പൊളിച്ചുമാറ്റാനുണ്ട്.
കുടിയിറക്കപ്പെട്ട ഭൂരഹിതർക്കായി കീർത്തിപൂർ, ദശരഥ് സ്റ്റേഡിയം എന്നിവിടങ്ങളിൽ സർക്കാർ ഹോൾഡിംഗ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇവർക്ക് ഭക്ഷണവും ആരോഗ്യപരിശോധനയും ഉറപ്പാക്കും. യഥാർത്ഥ ഭൂരഹിതരെ കണ്ടെത്തി അവർക്ക് ബദൽ താമസസൗകര്യം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. രണ്ട് വർഷം മുമ്പ് കാഠ്മണ്ഡു മേയറായിരുന്ന സമയത്ത് ബാലേന്ദ്ര ഷാ (ബാലെൻ) ഈ നീക്കത്തിന് ശ്രമിച്ചിരുന്നെങ്കിലും അന്നത്തെ സർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ അത് പരാജയപ്പെട്ടിരുന്നു. എന്നാൽ നിലവിൽ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുകയാണ്.
