വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ അത്യാഹിത വിഭാഗം കോൾ ടേക്കർമാർ പണിമുടക്ക് പ്രഖ്യാപിക്കുന്നതിനായി വോട്ടെടുപ്പിനൊരുങ്ങുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലും തൊഴിലുടമയുമായി പുതിയ കരാറിലെത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് എമർജൻസി കമ്മ്യൂണിക്കേഷൻസ് പ്രൊഫഷണൽസ് ഓഫ് ബി.സി യൂണിയൻ ഈ നീക്കത്തിലേക്ക് കടക്കുന്നത്. ജീവനക്കാർ വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സി.യു.പി.ഇ 8911 (CUPE 8911) പ്രസിഡന്റ് ഡോൺ ഗ്രാന്റ് പറഞ്ഞു. സമരത്തിലേക്ക് നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ നിരവധിയുണ്ടെന്നും ഗ്രാൻ്റ് ചൂണ്ടിക്കാട്ടി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലുള്ളവർക്ക് വലിയ ജോലിഭാരം ഉണ്ടാക്കുന്നു. പ്രതിവർഷം 20 ലക്ഷത്തിലധികം കോളുകളാണ് ഇവർ കൈകാര്യം ചെയ്യുന്നത്. പലപ്പോഴും പ്രാഥമിക ആവശ്യങ്ങൾക്കായി പോലും സമയം ലഭിക്കാത്ത അവസ്ഥയാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.

ജീവനക്കാരുടെ കുറവ് കാരണം 2025-ൽ മാത്രം 60,000-ത്തിലധികം 911 കോളുകൾ കൃത്യസമയത്ത് മറുപടി നൽകാൻ സാധിക്കാതെ വൈകി. ക്രിസ്മസ് ദിനത്തിൽ ഒരു പോലീസ് എമർജൻസി കോളിന് മറുപടി ലഭിക്കാൻ നാലര മിനിറ്റിലധികം കാത്തിരിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്. വൻകൂവർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ അടുത്തു വരുന്ന സാഹചര്യത്തിൽ, ജീവനക്കാർക്ക് നിർബന്ധിത ഓവർടൈം ഏർപ്പെടുത്താൻ തൊഴിലുടമയായ ‘ഇ-കോം 911’ ആലോചിക്കുന്നതായും സൂചനയുണ്ട്. ഇത് നിലവിലെ സമ്മർദ്ദം വർധിപ്പിക്കുമെന്ന ആശങ്കയിലാണ് യൂണിയൻ. ജോലിയുടെ സങ്കീർണ്ണതയ്ക്കും ഗൗരവത്തിനും അനുയോജ്യമായ വേതന വർധനവ്, ജീവനക്കാരുടെ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, സ്റ്റാഫ് വർധനവ് എന്നിവയാണ് യൂണിയൻ പ്രധാനമായും ആവശ്യപ്പെടുന്നത്. 911 കോൾ ടേക്കർമാർ അത്യാവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ, സമരം അംഗീകരിക്കപ്പെട്ടാലും സേവനങ്ങളെ പൂർണ്ണമായി തടസ്സപ്പെടുത്താൻ സാധിക്കില്ല. മെയ് 13-നാണ് പണിമുടക്ക് വേണമോ എന്ന കാര്യത്തിൽ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുക.
